പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൈസൂരു സന്ദർശനത്തിനിടെ സുരക്ഷാ വ്യൂഹത്തിലുണ്ടായിരുന്ന വ്യോമസേനയുടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ നേരിട്ടു. ലളിത മഹൽ ഹെലിപാഡിൽ വെച്ചാണ് ഈ സംഭവം നടന്നത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൈസൂരു സന്ദർശനത്തിനിടയിൽ സുരക്ഷാ വാഹനവ്യൂഹത്തിലുണ്ടായിരുന്ന വ്യോമസേനയുടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചു. മൈസൂരു ലളിത മഹൽ ഹെലിപാഡിലാണ് സംഭവം. പ്രധാനമന്ത്രി മോദി വൈകിട്ട് 3.20ഓടെയാണ് ലളിത മഹൽ ഹെലിപാഡിൽ എത്തിച്ചേർന്നത്. അദ്ദേഹത്തിന് അകമ്പടിയായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് ഒപ്പമുണ്ടായിരുന്നത്.
എന്നാൽ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി മടങ്ങിയപ്പോൾ ഒരു ഹെലികോപ്റ്റർ മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചത്. രണ്ടാമത്തെ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് ഹെലിപാഡിൽ നിന്ന് മടങ്ങിയിരുന്നില്ല. തുടർന്ന് ഹെലികോപ്റ്ററിലെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് നടന്നു വരികയാണ്. സംഭവത്തെ തുടർന്ന് ലളിത മഹൽ ഹെലിപാഡിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ യാത്രാവിമാനങ്ങൾക്കോ ഹെലികോപ്റ്ററുകൾക്കോ സാങ്കേതിക തകരാറുകൾ നേരിടുന്നത് ഇത് ആദ്യമായല്ല. ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 നവംബർ 15ന് ജാർഖണ്ഡിലെ ദിയോഘറിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന പ്രധാനമന്ത്രിയുടെ വ്യോമസേന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. ബിഹാറിലെ ജാമുയിയിലെ റാലിക്ക് ശേഷം മടങ്ങിയ പ്രധാനമന്ത്രിയുടെ വിമാനം ദിയോഘർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ചെയ്യുകയായിരുന്നു.
തുടർന്ന് ഡൽഹിയിൽ നിന്ന് മറ്റൊരു വിമാനം എത്തിച്ചാണ് അദ്ദേഹത്തെ തലസ്ഥാനത്തേക്ക് കൊണ്ടുപോയത്. അതുപോലെ 2019 ഫെബ്രുവരി 24-ന് ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തയുടൻ പ്രധാനമന്ത്രി സഞ്ചരിച്ച വ്യോമസേനയുടെ ഹെലികോപ്റ്ററിലും സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. തുടർന്ന് മിനിറ്റുകൾക്കകം ഹെലികോപ്റ്റർ തിരികെ ഇറക്കുകയും, മറ്റൊരു സ്റ്റാൻഡേർഡ് ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി പിന്നീട് യാത്ര തുടരുകയും ചെയ്തത്.














