ദില്ലി: ശ്രീലങ്കയുടെ അടിസ്ഥാന സൗകര്യ വികസനത്തിവും ഭീകരവാദം ഇല്ലാതാക്കുന്നതിനുമായി 450 ദശലക്ഷം ഡോളര്‍ സഹായ വാഗ്ദാനവുമായി ഇന്ത്യ. ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്  സഹായം വാഗ്ദാനം നല്‍കിയത്. പ്രസിഡന്‍റ് ആയ ശേഷം രാജപക്സെ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഇന്ത്യ. 

ഗോതബായയും മോദിയും വിശദമായി ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധവും ശ്രീലങ്കന്‍ തമിഴ് വംശജരുടെ വികസനവും ചര്‍ച്ച ചെയ്തു. തമിഴ് വംശജരുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് ഗോതബായ പ്രധാനമന്ത്രിക്ക് ഉറപ്പുകൊടുത്തു. ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് മോദി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ഇരുരാജ്യവും സഹകരിച്ച് പോരാടും. 50 ദശലക്ഷം ഡോളറാണ് ഭീകരവാദ പോരാട്ടത്തിന് ഇന്ത്യ നല്‍കുന്നത്. 400 ദശലക്ഷം ശ്രീലങ്കയുടെ സാമ്പത്തികരംഗത്തെ മെച്ചപ്പെടുത്താനുമാണ് നല്‍കുന്നത്. 

ഇന്ത്യന്‍ ഹൗസിംഗ് പദ്ധതി പ്രകാരം ശ്രീലങ്കയില്‍ 46000 വീടുകളാണ് നിര്‍മിച്ചത്. ഇതില്‍ 14,000 വീടുകള്‍ തമിഴ് മേഖലയിലാണ് നിര്‍മിച്ചതെന്നും മോദി വ്യക്തമാക്കി. തമിഴ് ജനതക്ക് തുല്യത ഉറപ്പാക്കാനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയമഭേദഗതിയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. ശ്രീലങ്കന്‍ അധികൃതര്‍ പിടികൂടിയ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉടന്‍ വിട്ടുകൊടുക്കുമെന്ന് രാജപക്സെ ഉറപ്പ് നല്‍കി.