Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ മണ്ണ് ആർക്കും വിട്ടുകൊടുക്കില്ല, ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നല്‍കി: മോദി

"അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ ഒരു സൈനിക പോസ്റ്റിൽ പോലും അവർ അധീശത്വം സ്ഥാപിച്ചിട്ടുമില്ല. ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നല്കി." മോദി പറഞ്ഞു. 

pm modi on india china stand off after all party meeting
Author
Delhi, First Published Jun 19, 2020, 8:59 PM IST

ദില്ലി: ഇന്ത്യന്‍ മണ്ണ് ആർക്കും വിട്ടു കൊടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ചൈന പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷിയോ​ഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 

"അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ ഒരു സൈനിക പോസ്റ്റിൽ പോലും അവർ അധീശത്വം സ്ഥാപിച്ചിട്ടുമില്ല. ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നല്‍കി." മോദി പറഞ്ഞു.

ഇന്ത്യയെ കണ്ണുവച്ചവരെ പാഠം പഠിപ്പിച്ചു. സൈന്യം ഏതു നീക്കത്തിനു തയ്യാറാണ്. ഒന്നിച്ച്‌ ഏതു മേഖലയിലേക്കും നീങ്ങാൻ ഇന്ത്യ സജ്ജമാണ്. ഭൂമിയിലും ആകാശത്തും ജലത്തിലും ഇന്ത്യയെ സംരക്ഷിക്കാൻ സേന സജ്ജമായിക്കഴിഞ്ഞു. ഈ ശേഷിയുള്ള സേനയെ നേരിടാൻ എതിരാളികൾ മടിക്കും. ചൈനീസ് അതിർത്തിയിൽ നേരത്തെ വലിയ ശ്രദ്ധ ഇല്ലായിരുന്നു. ഇന്നവിടെ ഇന്ത്യൻ സേന വലിയ ശ്രദ്ധ കാട്ടുന്നു. സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു. സേനകളെ യുദ്ധത്തിന് സജ്ജമാക്കാൻ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവർ പറഞ്ഞു.

രഹസ്യാന്വേഷണ വീഴ്ചയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹവും ആവർത്തിച്ചു. 

രഹസ്യാന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് സർക്കാർ വ്യക്തമാക്കണം. ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ 20 ജവാന്മാരുടെ ജീവൻ നഷ്ടമായി. ചൈന പിൻമാറിയില്ലെങ്കിൽ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ​ഗാന്ധി ചോദിച്ചു. 

ഇന്ത്യാ- ചൈന തർക്കം ചർച്ചയിലൂടെ തീർക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോ​ഗത്തിൽ പറഞ്ഞു. അതിർത്തി തർക്കം പരിഹരിച്ച് സമാധാനം ഉറപ്പാക്കണം. വിദേശകാര്യമന്ത്രിമാർക്കിടയിലെ ധാരണ സ്വാഗതം ചെയ്യുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios