ദില്ലി/ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ പ്രധാനമന്ത്രിയും. സുജിത്തിന്‍റെ രക്ഷക്കായി പ്രാര്‍ഥനയോടെ കൂടെയുണ്ടാകുമെന്നും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പളനിസ്വാമിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കുട്ടിയുടെ രക്ഷക്കായി രാജ്യം മുഴുവന്‍ കൈക്കോര്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയും രംഗത്തെത്തിയത്. നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ചലച്ചിത്ര താരം രജനീകാന്ത് തുടങ്ങിയവരും സുജിത്തിന് വേണ്ടി പ്രാര്‍ഥനയുമായി രംഗത്തെത്തിയിരുന്നു. 

അതേസമയം, കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സമാന്തരമായി കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. സമാന്തര കിണറില്‍ പാറ കണ്ടതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്.  ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളമെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ശനിയാഴ്ച വൈകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരന്‍ കുഴല്‍കിണറിലേക്ക് വീണത്. 26 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീണത്.

ഒഎന്‍ജിസിയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടിലും സമൂഹമാധ്യങ്ങളിലും സുജത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ലക്ഷങ്ങള്‍. ഉപയോഗശൂന്യമായ കുഴല്‍ കിണറുകളില്‍ കുഞ്ഞുങ്ങള്‍ വീണുണ്ടാവുന്ന അപകടങ്ങള്‍ തുടരുന്നതിലും കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്തതിലും കനത്ത വിമര്‍ഷനും രോഷവുമാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്.