Asianet News MalayalamAsianet News Malayalam

കൊവിഡ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി, വാക്സീൻ വിതരണം ഉൾപ്പെടെ ചർച്ചയ്ക്ക്

വാക്സീൻ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്. ഈ

PM Modi review meeting on Covid 19 vaccines India
Author
Delhi, First Published Jun 26, 2021, 5:56 PM IST

ദില്ലി: കൊവിഡ് വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതി വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി  അവലോകന യോഗം വിളിച്ചു. വാക്സീൻ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്. ഈ മാസം ആദ്യം, കേന്ദ്ര സർക്കാർ തങ്ങളുടെ കൊവിഡ് വാക്സീൻ നയം മാറ്റിയിരുന്നു. ഇന്ത്യയിൽ ഉൽ‌പാദിപ്പിക്കുന്ന വാക്സീന്റെ 75 ശതമാനം സംഭരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണ്. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികൾക്കായി നീക്കിവച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത്  31 കോടിയിലധികം ഡോസ് വാക്സീൻ വിതരണം ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 

അതിനിടെ കൊവിഡിന്റെ ഗുരുതര വകഭേദങ്ങങ്ങളുടെ വ്യാപനത്തിൽ കേന്ദ്രം ആശങ്കയറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കുറയുമ്പോഴും രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചതായി പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യം ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദമായ ഡെൽറ്റയും, ഡെൽറ്റയ്ക്ക് വീണ്ടും വകഭേദം സംഭവിച്ച് ഉണ്ടായ ഡെൽറ്റ പ്ലസുമാണ് ഇപ്പോൾ രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്. രണ്ടാം തരംഗത്തിൽ തീവ്ര വ്യാപനമുണ്ടാവാനുള്ള പ്രധാന കാരണം ഡെൽറ്റ വകഭേദമായിരുന്നു.

നിലവിൽ 174 ജില്ലകളിൽ ഡെൽറ്റ വകഭേദം ബാധിച്ച രോഗികൾ ഉണ്ട്. ഇതുവരെ ഡെൽറ്റ പ്ലസ് കണ്ടെത്തിയത് 50 പേരിലാണ്. അഞ്ഞൂറോളം ജില്ലകളിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണെങ്കിലും രണ്ടാം തരംഗം അവസാനിച്ചെന്ന് പറയാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 75 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും പത്ത് ശതമാനത്തിലധികമാണ്. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള പതിനൊന്ന് സംസ്ഥാനങ്ങളോട് വകഭദം കണ്ടെത്തിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios