ദില്ലി: കൊവിഡനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കുംമെന്നും പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ നിശ്ചദാർഢ്യം വലിയ ശക്തിയാണെന്നും, രാജ്യത്തിന് സ്വയം പര്യാപ്തത നേടാനുള്ള വലിയ അവസരമാണിതെന്നും മോദി അഭിപ്രായപ്പെട്ടു. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാർഷിക യോഗത്തിൽ വീഡിയോ കോൺഫ്രൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഇത് വെല്ലുവിളികളുടെ കാലമാണ്. ഒരു വശത്ത് മഹാമാരി ലോകം മുഴുവൻ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നു. ഇവിടെ ചുഴലിക്കാറ്റുകളും, വെട്ടുകിളി ആക്രമണവുമെല്ലാം അതിനിടിയൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത് വലിയ വെല്ലുവിളികളുടെ കാലം തന്നെയാണ് എന്നാൽ കഠിനമായ കാലഘട്ടങ്ങളിലൂടെ നമ്മൾ ഇതിന് മുമ്പും കടന്ന് പോയിട്ടുണ്ട്. 

ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ് ഈ കാലത്തെ അതിജീവിക്കാനുള്ള വഴിയെന്ന് പറഞ്ഞ മോദി, തോൽവി സമ്മതിച്ചാൽ ഒരിക്കലും പ്രശ്നങ്ങൾ തീരില്ലെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളെ നോക്കുമ്പോൾ യുവത്വവും, ആത്മവിശ്വാസവും പ്രതീക്ഷയുമാണ് താൻ കാണുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി നിർമ്മാണ മേഖലയിൽ രാജ്യം സ്വയം പര്യാപ്തത നേടേണ്ട ആവശ്യം വീണ്ടും ഉയർത്തിക്കാട്ടി. 

ഈ ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനായി ആവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കർഷകർക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭ്യമാക്കിയെന്നും മോദി അവകാശപ്പെട്ടു. എന്ത് വിൽക്കണമെന്നും ഏത് വിലയ്ക്ക് വിൽക്കണമെന്നും ഇപ്പോൾ കർഷകർക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറയുന്നു.