രാജ്യത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണം എന്നും ഇന്ന് ചേർന്ന ഉന്നതതതല യോഗത്തിൽ മോദി പറഞ്ഞു. 

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താൻ രാജ്യത്തിന് കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ശേഷി ഒന്നടങ്കം വാക്സീൻ ഉത്പാദനത്തിന് ഉപയോഗിക്കണമെന്നും പറഞ്ഞപ്രധാനമന്ത്രി ആശുപത്രികളിലെ കൊവിഡ് കിടക്കകളുടെ എണ്ണം കൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. രാജ്യത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണം എന്നും ഇന്ന് ചേർന്ന ഉന്നതതതല യോഗത്തിൽ മോദി പറഞ്ഞു. 

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നു. രോഗ വ്യാപനം തീവ്രമായതോടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും നിയന്ത്രണം തുടരുകയാണ്. ഉത്തർപ്രദേശിൽ ഞാറാഴ്ച്ച കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ഭോപ്പാൽ ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ ഈ മാസം 26 വരെ നീട്ടി. ചത്തീസ്ഗഡിലും നിയന്ത്രണങ്ങൾ തുടരുകയാണ്. റായ്പുർ റെഡ് സോണായി പ്രഖ്യാപിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ തുടരുകയാണ്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

പശ്ചിമ ബംഗാളിൽ പുറത്തു നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി. മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി പുറത്തു നിന്ന് പതിനായിരക്കണക്കിന് പേരെ കൊണ്ടു വന്നുവെന്നും 
ഇവർ സംസ്ഥാനത്ത് കൊവിഡ് പരത്തുന്നുകയാണെന്നും മമത ആരോപിച്ചു. അതിനിടെ ചത്തീസ്ഗഡിലെ റായ്പുരിലെ സ്വകാര്യ കൊവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തിൽ 5 പേർ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.