ലോകത്തിലെ മുൻനിര ബഹിരാകാശ ഏജൻസികളുടെ മേധാവിമാരും, ഗവേഷകരും മൂന്ന് ദിവസത്തെ സമ്മേളനത്തിനായി രാജ്യ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ പര്യവേഷണ സമ്മേളനം, GLEX 2025 ൽ സന്ദേശം കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ വീഡിയോ സന്ദേശമാണ് ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചത്. റോക്കറ്റുകൾ ഇന്ത്യൻ സ്വപ്നങ്ങളെ കൂടിയാണ് വഹിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ നിലയം ഉടൻ യാഥാർത്ഥ്യമാകുമെന്ന ശുഭവാർത്തയും മോദി പങ്കുവെച്ചു.

ലോകത്തിലെ മുൻനിര ബഹിരാകാശ ഏജൻസികളുടെ മേധാവിമാരും, ഗവേഷകരും മൂന്ന് ദിവസത്തെ സമ്മേളനത്തിനായി രാജ്യ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇൻ്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ പ്രസിഡൻ്റ് ക്ലേ മൗറി, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ തലവൻ, ഇസ്രൊ മേധാവി ഡോ.വി നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിക്ക് നേരിട്ട് ചടങ്ങിൽ പങ്കെടുക്കണം എന്നുണ്ടായിരുന്നെന്നും എന്നാൽ മറ്റ് തിരക്കുകൾ കാരണം സാധിച്ചില്ല എന്നും ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം