ബിഷ്കേക്: രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പോയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും. പാക് വ്യോപരിധിയിൽ പ്രവേശിക്കാതെ ഒമാൻ വഴിയാണ് ഇന്ത്യൻ പ്രധാനമന്ത്രി കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കേകിലേക്ക് പോകുന്നത്. ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച പാക്കിസ്ഥാന്റെ ആവശ്യങ്ങൾക്ക് ഇതുവരെ മറുപടി നൽകാത്ത ഇന്ത്യ ബിഷ്കേകിൽ എത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താനും തയ്യാറായിട്ടില്ല.

ഉച്ചയോടെയാണ് മോദി കിർഗിസ്ഥാനിലെത്തുക. ഇന്ന് ക്സി ജിൻപിങിന് പുറമെ കിർഗിസ്ഥാൻ പ്രസിഡന്റ് സോറൻബോയ് ജീൻബെകോവിനെയും മോദി കാണും. തുടർന്ന് കിർഗിസ്ഥാനിലെ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സന്നിഹിതനാകും.

ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് യാത്രാനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് വിദേശകാര്യ മന്ത്രാലയം ഈ ഇളവ് വേണ്ടെന്ന് പറഞ്ഞത്. സാധാരണ യാത്രക്കാർക്ക് നൽകാത്ത സേവനം ഇന്ത്യൻ പ്രധാനമന്ത്രി തേടുന്നതിനെതിരെ പരസ്യ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു ഈ തീരുമാനം. 

പാക് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ വ്യോമസേന മെയ് 31ന് നീക്കിയിരുന്നു. എന്നാൽ വാണിജ്യ സർവ്വീസുകൾക്ക് പാക് ആകാശത്ത് പ്രവേശിക്കുന്നതിനുള്ള വിലക്ക് പാക്കിസ്ഥാൻ ഇപ്പോഴും തുടരുകയാണ്. മെയ് 21 ന് എസ് സി ഒ യോഗത്തിൽ പങ്കെടുക്കാൻ സുഷമ സ്വരാജ് പോയ വിമാനത്തിന് പാക്കിസ്ഥാന്റെ വ്യോമപരിധിയിലൂടെ സഞ്ചരിക്കാൻ പാക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. പാക്ക് വിലക്കിനെ തുടർന്ന് ഇന്‍ഡിഗോയുടെ ദില്ലി-ഇസ്താംബൂള്‍ സര്‍വീസ് ഇനിയും തുടങ്ങാനായിട്ടില്ല. ദില്ലി-യുഎസ് നോണ്‍സ്റ്റോപ് വിമാനങ്ങളുടെ സര്‍വീസും പ്രതിസന്ധിയിലാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പോകുന്ന വിമാനത്തിന്റെ യാത്രസമയം കുറയ്ക്കുന്നതിനു വേണ്ടിയാണ് പാക്ക് വ്യോമപാത വിദേശകാര്യ മന്ത്രാലയം മുൻപ് തിരഞ്ഞെടുത്തത്. എന്നാൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വ്യോമസേനയുടെ വിവിഐപി വിമാനം ഒമാൻ, ഇറാൻ, പിന്നീട് മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിലുടെ സഞ്ചരിച്ച് കിർഗിസ്ഥാനിൽ എത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍, പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനുമായി ഉച്ചകോടിക്കിടെ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.