ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ചു. ദില്ലി എയിംസ് ആശുപത്രിയിലെത്തിയാണ് കൊവാക്സിന്‍റെ രണ്ടാം ഡോസ് മോദി സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു നരേന്ദ്രമോദി ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചത്.

അതേസമയം, കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈകിട്ട് 6 .30 നാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗം ചേരുന്നത്. വാക്സിന്‍ വിതരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം കൊവിഡ് സാഹചര്യം വിലയിരുത്തിയിരുന്നു. 

ഇന്നലെ രാജ്യത്ത് ആദ്യമായി ഒരു ലക്ഷത്തി പതിനയ്യായിരം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വാക്സിൻ വിതരണത്തിൽ മെല്ലെപ്പോക്കാണന്ന വിമർശനം മഹാരാഷ്ട്ര ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ ദൗർലഭ്യം നേരിടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.