Asianet News MalayalamAsianet News Malayalam

PM Modi | പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കശ്മീരിലെ സൈനികർക്കൊപ്പം

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മു കശ്മീരിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി എം എം നരവനെ കശ്മീരിലെത്തി സുരക്ഷാ സാഹചര്യം വിലയിരുത്തി. 

PM Modi To Celebrate Diwali With Soldiers In Rajauri Today
Author
Srinagar, First Published Nov 4, 2021, 12:37 PM IST

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ഇത്തവണ ജമ്മു കശ്മീരിലെ സൈനികർക്കൊപ്പം. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിമാനമാർഗം ജമ്മു കശ്മീരിൽ എത്തിയത്. ശ്രീനഗറിൽ ലാൻഡ് ചെയ്ത ശേഷം മോദി നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി. കരസേനാ മേധാവി എം എം നരവനെയും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിട്ടല്ല, സൈനികകുടുംബത്തിലെ ഒരംഗമായാണ് താനെത്തിയതെന്ന് മോദി സൈനികരെ അഭിസംബോധന ചെയ്യവേ പറഞ്ഞു. 

''സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് എനിക്ക് സന്തോഷം. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. രാജ്യം സൈനികരെ ഓർത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ ഇന്ത്യക്കാർക്കുമുണ്ട്'', എന്ന് മോദി. 

പ്രതിരോധമേഖല കൂടുതൽ സ്വദേശിവത്കരിക്കുമെന്നും മോദി പ്രഖ്യാപിച്ചു. ''സൈനികമേഖലയിലും ആത്മനിർഭർഭാരത് ആശയമാണ് നടപ്പാക്കുന്നത്. സ്വന്തമായി ആയുധങ്ങളും യുദ്ധ ടാങ്കുകളും രാജ്യം നിർമ്മിക്കുന്നു. വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം നൽകുകയാണ്. നമ്മുടെ പെൺകുട്ടികൾ സൈന്യത്തിന്‍റെ ഭാഗമാകുകയാണ്. സൈന്യത്തിൽ ചേരുന്നത് ഒരു ജോലിയല്ല, അത് ഒരു സേവനമാണ്. പിറന്ന മണ്ണിനെ സേവിക്കലാണ്. രാജ്യസുരക്ഷയാണ് നമുക്ക് പ്രധാനം. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും നമ്മൾ തയ്യാറാകില്ല. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും സൈന്യമാണ് രക്ഷയ്ക്ക് എത്തുന്നത്'', മോദി പറഞ്ഞു.

നൗഷേര സെക്ടറിൽ നിന്ന് നടന്ന സർജിക്കൽ സ്ട്രൈക്കും മോദി ഓർത്തെടുത്തു. ''സർജിക്കൽ സ്ട്രൈക്ക് രാജ്യത്തിന് നൽകിയ സംഭാവന വലുതാണ്. ഈ മിന്നലാക്രമണത്തിന് ശേഷം കശ്മീരിൽ അശാന്തിയുണ്ടാക്കാൻ ശ്രമം നടന്നു. ഭീകരതയെ ചെറുത്ത് തോൽപിക്കാൻ രാജ്യത്തിനാകും'', മോദി പറഞ്ഞു. 

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മു കശ്മീരിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി എം എം നരവനെ കശ്മീരിലെത്തി സുരക്ഷാ സാഹചര്യം വിലയിരുത്തി. ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സൈനികർക്ക് നൗഷേരയിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

അതിർത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലും കഴിഞ്ഞ മൂന്നാഴ്ചയായി വലിയ അക്രമങ്ങളാണ് അരങ്ങേറിയത്. 11 സൈനികരാണ് മൂന്നാഴ്ചയ്ക്കുള്ളിൽ ഇവിടെ വീരമൃത്യു വരിച്ചത്. 

2019-ലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി രജൗരിയിലെ ആർമി ഡിവിഷനിലെത്തിയത്. ഇത്തവണ നൗഷേരയിലാണ് പ്രധാനമന്ത്രി എത്തിയത്. നിയന്ത്രണരേഖയ്ക്ക് കൂടുതൽ അടുത്ത പ്രദേശത്ത്. ഇതേ സെക്ടറിൽ കഴിഞ്ഞയാഴ്ച ഒരു ഓഫീസറടക്കം രണ്ട് സൈനികർ കുഴിബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു. 

സൈനികർക്കൊപ്പം ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച ശേഷമായിരിക്കും മോദി മടങ്ങുക. ഇതിന് ശേഷം മോദി നാളെ കേദാർനാഥിലേക്ക് പോകും. 

Follow Us:
Download App:
  • android
  • ios