Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിടുന്നു; മുഖ്യമന്ത്രിമാരുമായി നാളെ പ്രധാനമന്ത്രിയുടെ ചര്‍ച്ച

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിമാരുമായി മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തുള്ള മുഴുവന്‍ ഇന്ത്യന്‍ എംബസികളുടെയും ഹൈക്കമീഷനുകളുടെയും മേധാവികളുമായി ഇന്ന് ഓണ്‍ലൈന്‍ വിഡിയോ കോണ്‍ഫറന്‍സ് നടത്തി.

PM Modi to chair virtual meet with state CMs tomorrow
Author
Delhi, First Published Apr 1, 2020, 5:06 PM IST

ദില്ലി: കൊവിഡ് 19 വൈറസ് ബാധ പടരാതിരിക്കാനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി സംസാരിക്കുക. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിമാരുമായി മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തുള്ള മുഴുവന്‍ ഇന്ത്യന്‍ എംബസികളുടെയും ഹൈക്കമീഷനുകളുടെയും മേധാവികളുമായി ഇന്ന് ഓണ്‍ലൈന്‍ വിഡിയോ കോണ്‍ഫറന്‍സ് നടത്തി. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടന്ന യോഗത്തില്‍ റിയാദില്‍ നിന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും പങ്കെടുത്തു. ലോകത്താകമാനമുള്ള ഇന്ത്യന്‍ മിഷനുകളുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ നയതന്ത്രമേധാവികളുമായി പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ മീറ്റിങ്.

അതത് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെയും അവരുടെ സംഘത്തിന്റെയും കുടുംബാംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നയതന്ത്ര പ്രതിനിധികളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചത് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ നിരന്തരം ബന്ധപ്പെടുകയും അവരെ സമാധാനിപ്പിക്കുകയും അതത് രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും പാര്‍പ്പിടം അടക്കമുള്ള സൗകര്യങ്ങളും മറ്റ് അത്യാവശ്യ പ്രശ്നങ്ങളും പരിഹരിക്കാന്‍ വഴിതേടുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിനെ കുറിച്ച് അതത് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യന്‍ സമൂഹത്തെ അവബോധിതരാക്കുകയും ഫണ്ട് സമാഹരണത്തിന് ശ്രമം നടത്തുകയും ചെയ്യുക, കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള സമ്പദ് രംഗത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും വിദേശരാജ്യങ്ങളുമായുള്ള വ്യാപരത്തില്‍ വീഴ്ച വരാതിരിക്കാനും അത്യാവശ്യമായ വിതരണം ഉറപ്പാക്കാനും വിദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള റെമ്മിറ്റന്‍സിനെ ബാധിക്കാതിരിക്കാനും ജാഗ്രതപാലിക്കണം, മഹാവ്യാധിയുടെ ഭീതിജനകമായ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര രാഷ്ട്രീയ, സാമ്പത്തിക സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ക്രമാനുഗതമായി സാഹചര്യങ്ങള്‍ നേരെയാക്കി കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും അംബാസഡര്‍മാര്‍ക്കും ഹൈക്കമീഷണര്‍മാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കി.
 

Follow Us:
Download App:
  • android
  • ios