ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ മോദി നേരിട്ട് ബംഗളുരുവിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.
ബംഗ്ലൂരു : ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയശില്പികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേരിട്ടെത്തും. ബംഗളുരു പീന്യയിലുള്ള ഇസ്ട്രാക് ക്യാമ്പസിലാണ് മോദി എത്തുക. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ് ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത മോദി ഗ്രീസ് സന്ദർശനം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിൽ തിരികെ എത്തുന്നത്. ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ മോദി നേരിട്ട് ബംഗളുരുവിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.
രാവിലെ ഏഴ് മണിയോടെ, ഇസ്ട്രാക് ക്യാമ്പസിൽ എത്തുന്ന മോദി ചന്ദ്രയാൻ ലാൻഡിംഗ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും എന്തെല്ലാമെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത് കേൾക്കും. അതിന് ശേഷം മോദി ചന്ദ്രയാൻ ടീമിനെ അഭിസംബോധന ചെയ്യും. മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളുരു നഗരത്തിൽ രാവിലേ 6 മണി മുതൽ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളം മുതൽ പീനിയ വരെ ഉള്ള ഇടങ്ങളിൽ എല്ലാം ഗതാഗത നിയന്ത്രണം ഉണ്ടാവും.
അഭിമാനമായി ചന്ദ്രയാൻ 3; റോവർ ചന്ദ്രനിൽ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
