മണിപ്പൂരിൽ മാത്രം 4800 കോടിയുടെ പദ്ധതികളാകും പ്രഖ്യാപിക്കുക. ത്രിപുരയിലാകട്ടെ 100 വിദ്യാജ്യോതി സ്‌കൂളുകളുടെ പ്രഖ്യാപനമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന അജണ്ട

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങൾ സന്ദർശിക്കുന്നു. ജനുവരി 4 നാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇരുസംസ്ഥാനങ്ങൾക്കും പുതുവത്സര സമ്മാനമായി കോടികളുടെ വൻകിട പദ്ധതികളുമായാണ് മോദി എത്തുന്നത്. മണിപ്പൂരിൽ മാത്രം 4800 കോടിയുടെ പദ്ധതികളാകും പ്രഖ്യാപിക്കുക. ത്രിപുരയിലാകട്ടെ 100 വിദ്യാജ്യോതി സ്‌കൂളുകളുടെ പ്രഖ്യാപനമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന അജണ്ട.

മണിപ്പൂരിലെ പദ്ധതികൾ

മണിപ്പൂരിൽ 22 പദ്ധതികളാണ് പ്രധാനമന്ത്രി നടപ്പാക്കുക. ഏകദേശം 1850 കോടി രൂപയുടെ 13 പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോൾ 2950 കോടി രൂപയുടെ 9 പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നി‍ർവഹിക്കും. റോഡ് ഇൻഫ്രാസ്ട്രക്ചർ, കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, പാർപ്പിടം, വിവരസാങ്കേതികവിദ്യ, നൈപുണ്യ വികസനം, കല, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പദ്ധതികളെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

രാജ്യവ്യാപകമായി ദേശീയപാത മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മണിപ്പൂരിൽ 1700 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന അഞ്ച് ദേശീയ പാത പദ്ധതികളുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. 110 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ ഹൈവേകളുടെ നിർമ്മാണം ഈ മേഖലയുടെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും. ഇംഫാലിൽ നിന്ന് സിൽച്ചാറിലേക്കുള്ള തടസ്സമില്ലാത്ത പാതയൊരുക്കുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യുന്ന മറ്റൊരു പ്രധാന പദ്ധതിയും കൂട്ടത്തിലുണ്ട്. 75 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച NH-37 ൽ ബരാക് നദിക്ക് മുകളിൽ നിർമ്മിച്ച സ്റ്റീൽ പാലത്തിന്റെ നിർമ്മാണമാണിത്. സ്റ്റീൽ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

1100 കോടി രൂപ ചെലവിൽ നിർമിച്ച 2,387 മൊബൈൽ ടവറുകൾ പ്രധാനമന്ത്രി മണിപ്പൂരിലെ ജനങ്ങൾക്ക് സമർപ്പിക്കും. സംസ്ഥാനത്തിന്റെ മൊബൈൽ കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായിരിക്കും ഇതെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തെ കുടിവെള്ള വിതരണ പദ്ധതികളുടെ ഉദ്ഘാടനമാണ് മറ്റൊരു പ്രധാന പദ്ധതി. എല്ലാ വീട്ടിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സഹായകമാകുന്നതാണ് പദ്ധതി. ഇംഫാൽ നഗരത്തിൽ മാത്രം 280 കോടി രൂപയുടെ കുടിവെള്ളപദ്ധതിയാണ് നടപ്പാക്കുന്നത്. തമെംഗ്‌ലോങ് ജില്ലയിലെ പത്ത് ആവാസ വ്യവസ്ഥകളിൽ താമസിക്കുന്നവർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 65 കോടി രൂപ ചെലവിൽ നിർമ്മിച്ച പദ്ധതിയും മോദി സമ‍ർപ്പിക്കും. ജലവിതരണം മെച്ചപ്പെടുത്താൻ 51 കോടിയുടെ മറ്റൊരു പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്.

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനായുള്ള പദ്ധതികളും കൂട്ടത്തിലുണ്ട്. ഏകദേശം 160 കോടി രൂപയുടെ 'സ്റ്റേറ്റ് ഓഫ് ആർട്ട് ക്യാൻസർ ഹോസ്പിറ്റലി'ന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇംഫാലിൽ നിർവഹിക്കും. ക്യാൻസറുമായി ബന്ധപ്പെട്ട രോഗനിർണ്ണയ-ചികിത്സാ സേവനങ്ങൾക്കായി സംസ്ഥാനത്തിന് പുറത്ത് പോകേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് കൊവിഡുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 200 കിടക്കകളുള്ള കൊവിഡ് ആശുപത്രിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡിആർഡിഒയുമായി സഹകരിച്ചുള്ള പദ്ധതിയുടെ ചിലവ് 37 കോടിയാണ്.

ഏകദേശം 200 കോടി രൂപ ചെലവിൽ സംസ്ഥാനത്ത് നിർമിക്കുന്ന ‘സെന്റർ ഫോർ ഇൻവെൻഷൻ, ഇന്നൊവേഷൻ, ഇൻകുബേഷൻ ആൻഡ് ട്രെയിനിങ് (സിഐഐഐടി)’ന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ പിപിപി സംരംഭമാണ്. പദ്ധതി സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഇൻഫർമേഷൻ ടെക്നോളജി മേഖലയ്ക്ക് ഉത്തേജനം നൽകുന്നതുമാണ്.

പ്രധാനമന്ത്രി ജൻ വികാസിന് കീഴിൽ ‘സബ്കാസാത്-സബ്കാ വികാസ്-സബ്കാ വിശ്വാസ്’ പദ്ധതിയിലൂടെ 130 കോടിയിലധികം വരുന്ന 72 പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. ന്യൂനപക്ഷ സമുദായങ്ങളുടെ സമഗ്രവികസനത്തിന് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഈ പദ്ധതികൾ സഹായകമാകും. സംസ്ഥാനത്തെ കൈത്തറി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി 100 കോടി രൂപയുടെ രണ്ട് പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.

പുതിയ വ്യാവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ), കാങ്‌പോക്പി എൻഹാൻസിങ് സ്കിൽ ഡെവലപ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ (ഇഎസ്‌ഡിഐ), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റിന്റെ പുതിയ ഓഫീസ് കെട്ടിടം എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മറ്റ് പദ്ധതികൾ.

ത്രിപുരയിലെ പദ്ധതികൾ

മഹാരാജ ബിർ ബിക്രം (എംബിബി) വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിന്‍റെ ഉദ്ഘാടനമാണ് ത്രിപുരയിൽ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട. 100 വിദ്യാജ്യോതി സ്‌കൂളുകളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും. 

മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ് ഏകദേശം 450 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്. 30,000 ചതുരശ്ര മീറ്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ളതും അത്യാധുനിക ഐടി നെറ്റ്‌വർക്ക് സംയോജിത സംവിധാനത്തിന്റെ പിന്തുണയുള്ളതുമായ അത്യാധുനിക കെട്ടിടമാണിത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രധാനമന്ത്രി പദ്ധതിയുടെ ഭാഗമായാണ് പുതിയ ടെർമിനൽ കെട്ടിടത്തിന്റെ വികസനം.

നിലവിലുള്ള 100 ഹൈ/ഹയർസെക്കൻഡറി സ്‌കൂളുകളെ അത്യാധുനിക സൗകര്യങ്ങളോടും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടും കൂടി വിദ്യാജ്യോതി സ്‌കൂളുകളാക്കി മാറ്റും. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് വിദ്യാജ്യോതി സ്‌കൂളുകളിലൂടെ ലക്ഷ്യമിടുന്നത്. നഴ്‌സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 1.2 ലക്ഷം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പദ്ധതിക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 500 കോടി രൂപ ചിലവാകും.