അനാച്ഛാദന ചടങ്ങിൽ, പാർലമെന്റ് നിർമാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു. അനാച്ഛാദനവുമായി ബന്ധപ്പെട്ട പൂജാ കർമങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തു.

ദില്ലി: ദില്ലിയിൽ പുതിയതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നമായ അശോക സ്തംഭം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 6.5 മീറ്റർ ഉയരവും 9500 കിലോ ഭാരവമുള്ള അശോക സ്തംഭം വെങ്കലത്തിലാണ് നിർമിച്ചത്. 6.5 ടൺ ഭാരമുള്ള ഘടനയിലാണ് സ്തംഭം സ്ഥാപിച്ചിരിക്കുന്നത്. 

ക്ലേ മോഡലിങ്, കംപ്യൂട്ടർ ഗ്രാഫിക്‌സ്, വെങ്കല കാസ്റ്റിങ് തുടങ്ങി എട്ടു ഘട്ടങ്ങളിലൂടെയാണ് കൂറ്റൻ അശോക സ്തംഭം നിർമാണം പൂർത്തിയാക്കിയത്. അനാച്ഛാദന ചടങ്ങിൽ, പാർലമെന്റ് നിർമാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു. അനാച്ഛാദനവുമായി ബന്ധപ്പെട്ട പൂജാ കർമങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തു. ലോക്‌സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 1250 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്.

Scroll to load tweet…

977 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് 29 ശതമാനം ചെലവ് വർധിച്ചു. സെൻട്രൽ വിസ്തയുടെ പ്രധാന ആകർഷണമാണ് പാർലമെന്റ് മന്ദിരം. ടാറ്റ പ്രോജക്ട്‌സിനാണ് നിർമാണ ചുമതല. പാർലമെന്റ്, സെൻട്രൽ വിസ്ത തുടങ്ങിയവയുടെ നിർമാണം രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിന് മുൻപ് പൂർത്തിയാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, നിർമാണം വൈകിയതിനാൽ ഒക്ടോബറിലേക്ക് മാറ്റി.