ദില്ലി: അതിര്‍ത്തികടന്ന് ബാലാകോട്ടില്‍ ഇന്ത്യയുടെ മിറാഷ് 2000 വിമാനം ആക്രമണം നടത്തിയ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും ഉറങ്ങാതെ തല്‍സമയ വിവരങ്ങള്‍ അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തശേഷം 9.15-നാണ് പ്രധാനമന്ത്രി ഔദ്യോഗികവസതിയിലെത്തിയത്. 

ഭക്ഷണത്തിനുശേഷം വ്യോമസേന ആക്രമണത്തിന്‍റെ  ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ എന്നിവരുമായി പ്രധാനമന്ത്രി ഇതിനിടെ പലവട്ടം ചര്‍ച്ച നടത്തി.

പുലര്‍ച്ചെ 4.30-ഓടെ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേനാ പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തി. ഈ സമയമെല്ലാം പ്രധാനമന്ത്രി വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ദൗത്യത്തില്‍ പങ്കാളിയായ എല്ലാവരെയും ആശംസയറിയിച്ച് മോദി അടുത്ത ദിവസത്തെ പരിപാടികളിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.