സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ ഒരുങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാര്‍ സന്ദര്‍ശനത്തില്‍ ഒപ്പു വെക്കും
ദില്ലി: രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും. ചൊവ്വാഴ്ച ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനമായഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ പ്രധാനമന്ത്രി പങ്കെടുക്കും. സന്ദർശനത്തിന്റെ ഭാഗമായി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തും.
സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ ഒരുങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാര്‍ സന്ദര്‍ശനത്തില്‍ ഒപ്പു വെക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഔട്ട്‌ലെറ്റുകൾ സൗദിയിൽ തുടങ്ങാനുള്ള കരാറും ഒപ്പു വെക്കുമെന്നാണ് വിവരം. റുപിയാ കാർഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ഡിസംബറില്‍ ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസം ചെങ്കടലിൽ നടക്കുന്നുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സമ്മേളനത്തിലെത്തുമെന്നാണ് വിവരം.
അതേസമയം നരേന്ദ്രമോദിയുടെ വിമാനത്തിന് പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. പാകിസ്ഥാന്‍റെ നടപടി അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനം ആണെന്നും നടപടിക്കെതിരെ അന്തർദേശീയ സിവിൽ ഏവിയേഷൻ സംഘടനയെ സമീപിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു. അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്ന നടപടികളിൽ നിന്ന് പാകിസ്ഥാൻ പിൻമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന് ആരോപിച്ചാണ് പാകിസ്ഥാന്റെ നടപടി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയെ ഉദ്ധരിച്ച് റേഡിയോ പാകിസ്ഥാന്‍ ആണ് അനുമതി നിഷേധിച്ച കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത് മൂന്നാം തവണയാണ് ഇന്ത്യൻ നേതാക്കൾക്ക് വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാൻ അനുമതി നിഷേധിക്കുന്നത്. നേരത്തെ അമേരിക്കൻ സന്ദർശനത്തിന് പോകാൻ നരേന്ദ്രമോദിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ മാസം വിദേശ സന്ദർശനത്തിന് പോകാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അനുമതി നൽകിയിരുന്നില്ല. പുൽവാമ ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പാകിസ്താൻ വ്യോമപാത അടച്ചത്. പിന്നീട് ഈ വർഷം ജൂലൈയാണ് വ്യോമപാത വീണ്ടും തുറന്നത്.
