കേരളത്തിലും ബംഗാളിലും തമ്മിലടിക്കുന്നവരാണ് ബംഗളൂരുവിൽ യോഗം ചേരുന്നത്, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് 50 ശതമാനത്തിലധികം വോട്ട് നേടി എൻഡിഎ മൂന്നാമതും അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു.
ദില്ലി: ദില്ലിയില്‍ ചേർന്ന എൻഡിഎ യോഗത്തിലും പ്രതിപക്ഷ ഐക്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം തമ്മിലടിക്കുന്നവരാണ് യോഗം ചേരുന്നത്, പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കുന്നത് കാഴ്ചപ്പാടല്ല സമ്മർദമാണെന്നും നരേന്ദ്രമോദി വിമർശിച്ചു. കേരളത്തിലും ബംഗാളിലും തമ്മിലടിക്കുന്നവരാണ് ബംഗളൂരുവിൽ യോഗം ചേരുന്നത്, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് 50 ശതമാനത്തിലധികം വോട്ട് നേടി എൻഡിഎ മൂന്നാമതും അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു. 38 പാർട്ടികൾ പങ്കെടുത്ത യോഗം ദില്ലിയിലെ അശോക് ഹോട്ടലിലാണ് നടന്നത്.
പുതുതായി സഖ്യത്തിലേക്കെത്തിയവരെ മോദി യോഗത്തിൽ സ്വാഗതം ചെയ്തു. ബെംഗളൂരുവിൽ പ്രതിപക്ഷ യോഗം നടന്ന ദിവസം തന്നെ ദില്ലിയിൽ യോഗം വിളിച്ച് ബിജെപി കരുത്ത് കാട്ടുകയായിരുന്നു. യോഗത്തിനെത്തിയ പ്രധാനമന്ത്രിയെ പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, മുൻ ബിഹാർ മുഖ്യമന്ത്രി ജിതൻറാം മാഞ്ചി, മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ, മുൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, നാഗാലാൻഡ് മുഖ്യമന്ത്രി നെഫു റിയോ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേരളത്തിൽ നിന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടേണ്ട ഭരണ നേട്ടങ്ങളും പ്രയോഗിക്കേണ്ട തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും.
അതിനിടെ, 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെയും ബിജെപിയെയും നേരിടാൻ ഒന്നിച്ച പ്രതിപക്ഷ ഐക്യനിരയുടെ പേര് പ്രഖ്യാപിച്ചു. 'ഇന്ത്യ' അഥവാ, ഇന്ത്യൻ നാഷണൽ ഡെവലപ്മെന്‍റൽ ഇൻക്ലൂസീവ് അലയൻസ് എന്നായിരിക്കും സഖ്യത്തിന്‍റെ പേര്. 26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്തവാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പ്രതിപക്ഷനേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപനസമിതി രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഇതിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യം അടുത്ത യോഗത്തിൽ ചർച്ചയാകും. അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയിൽ നടക്കും. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ജനാധിപത്യം സംരക്ഷിക്കാനാണ് അഭിപ്രായഭിന്നതകൾ മാറ്റി വച്ച് ഒന്നിച്ചതെന്ന് ഖർഗെ വ്യക്തമാക്കി. 'ഇന്ത്യ' സഖ്യത്തെ ജയിക്കാൻ ധൈര്യമുണ്ടോ എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മോദിയെ വെല്ലുവിളിച്ചു. ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ പല ആശയധാരകളിൽ ഉള്ളവർക്കും ഒന്നിച്ചുനിൽക്കാനാകുമെന്നതിന്‍റെ തെളിവാണ് പ്രതിപക്ഷ ഐക്യമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇത് രാജ്യത്തിന്‍റെ ശബ്ദം തിരിച്ച് പിടിക്കാനുള്ള സഖ്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനാലാണ് സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതെന്നും രാഹുൽ വ്യക്തമാക്കി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് രണ്ട് ദിവസമായി ബെംഗളുരുവിൽ നടന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുത്തത്.
