ദില്ലി: രാജ്യസഭയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി  പ്രധാനമന്ത്രി. കാർഷിക ബില്ല് രാജ്യത്തെ കാർഷിക മേഖലയെ ശക്തമാക്കാൻ വേണ്ടിയാണെന്നും. ബില്ലിന്റെ പേരിൽ ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി  ആരോപിച്ചു.

ബിഹാറിലെ 9 ഹൈവേ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംങ്ങിനെതിരായ ആക്ഷേപങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകി. ബീഹാർ എറ്റവും ബഹുമാനിക്കുന്ന നേതാവാണ് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗെന്ന് പറഞ്ഞ പ്രധാനമന്ത്രി പാർലമെൻ്റിലെ സംഭവങ്ങളിൽ ബീഹാർ ജനത പ്രതിപക്ഷത്തിന് മറുപടി നൽകുമെന്ന് കൂട്ടിച്ചേർത്തു.

നാടകീയ രംഗങ്ങൾക്കിടെയാണ് ഇന്നലെ വിവാദ കാർഷിക പരിഷ്ക്കാര ബില്ലുകൾ രാജ്യസഭ പാസാക്കിയത്. നടുത്തളത്തിലെ പ്രതിപക്ഷ ബഹളത്തിനിടെ ഉപാദ്ധ്യക്ഷനു നേരെ കൈയ്യേറ്റ ശ്രമവും നടന്നിരുന്നു. മാർഷലുമാരെ വിളിച്ചുവരുത്തി കൈയ്യേറ്റം ചെയ്തെന്നാണ് പ്രതിപക്ഷ എംപിമാരുടെ ആരോപണം.