ഫോനിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനായി മമതാ ബാനര്‍ജിയെ വിളിക്കാതെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദിയെ മോദി വിളിച്ചതിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസ് ആക്ഷേപം ഉയര്‍ത്തിയിരുന്നു. 

കൊല്‍ക്കത്ത: ഫോനിയുടെ വിശദാംശങ്ങള്‍ അറിയാന്‍ മമതാ ബാനര്‍ജിയെ രണ്ടുതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് . പ്രധാനമന്ത്രി മമതയെ വിളിച്ചില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്. 

രണ്ടുതവണ മമതാ ബാനര്‍ജിയെ വിളിച്ചെങ്കിലും അവര്‍ തിരിച്ചുവിളിച്ചില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ആദ്യതവണ വിളിച്ചപ്പോള്‍ മമത ബാനര്‍ജി ടൂറിലാണെന്നും തിരിച്ച് വിളിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. രണ്ടാം തവണ വിളിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരിച്ചുവിളിക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും തിരിച്ച് വിളിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഫോനിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനായി മമതാ ബാനര്‍ജിയെ വിളിക്കാതെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദിയെ മോദി വിളിച്ചതിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസ് ആക്ഷേപം ഉയര്‍ത്തിയിരുന്നു. രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തെ മോദി ബഹുമാനിക്കുന്നില്ലെന്ന് ഇതിലൂടെ വ്യക്തമാണെന്നായിരുന്നു തൃണമൂലിന്‍റെ ആരോപണം.