Asianet News MalayalamAsianet News Malayalam

PM Security Breach : സുരക്ഷാ വീഴ്ച അന്വേഷിക്കാൻ റിട്ട. ജ. ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതി

എന്താണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ സംഭവിച്ചതെന്നും, എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് നൽകുകയെന്നതാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയുടെ ചുമതല. 

PM Security Breach Retired Justice Indu Malhotra To Head Probe Panel
Author
New Delhi, First Published Jan 12, 2022, 11:50 AM IST

ദില്ലി: പഞ്ചാബിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Prime Minister Narendra Modi) വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധം (Security Breach) ഉണ്ടായതിലും, ഇത് മൂലം 20 മിനിറ്റ് വാഹനം ഫ്ലൈ ഓവറിൽ കിടന്നതിനെക്കുറിച്ചും വിശദമായി അന്വേഷണം നടത്താനുള്ള സമിതിയെ (Enquiry Committee) റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മൽഹോത്ര (Retd. Justice Indu Malhotra) നയിക്കും. സുപ്രീംകോടതിയാണ് (Supreme Court Of India) സമിതി രൂപീകരിച്ചത്. എന്താണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ സംഭവിച്ചതെന്നും, എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് നൽകുകയെന്നതാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയുടെ ചുമതല. ദേശീയാന്വേഷണ ഏജൻസിയിലെ ഓഫീസർമാരും പഞ്ചാബ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ടാകും. 

''ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല, സ്വതന്ത്രാന്വേഷണമാണ് ഈ കേസിൽ വേണ്ടത്'', എത്രയും പെട്ടെന്ന് സമിതി റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. എൻഐഎ ഡയറക്ടർ ജനറൽ, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് പൊലീസിൽ സുരക്ഷാച്ചുമതലയുള്ള എഡിജിപി, പഞ്ചാബ് റജിസ്ട്രാർ ജനറൽ, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാർ എന്നിവർ അന്വേഷണസംഘത്തിന്‍റെ അംഗങ്ങളാകും.

തെരഞ്ഞെടുപ്പടുത്ത പഞ്ചാബിൽ ഫെറോസ് പൂരിൽ നടക്കാനിരുന്ന റാലിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, പഞ്ചാബിലെ ഭട്ടിൻഡയ്ക്ക് അടുത്ത് ഒരു ഫ്ലൈ ഓവറിൽ പ്രതിഷേധത്തെത്തുടർന്ന് ഇരുപത് മിനിറ്റോളമാണ് കുടുങ്ങിയത്. കർഷകരാണ് പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ് പ്രതിഷേധിച്ചത്. ഇത് വലിയൊരു രാഷ്ട്രീയവിവാദത്തിനാണ് തിരി കൊളുത്തിയത്. 

ഫെബ്രുവരി 14-നാണ് പഞ്ചാബിൽ വോട്ടെടുപ്പ്. ഈ സംഭവം തീർച്ചയായും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനസർക്കാരിനും എൻഡിഎയുടെ കേന്ദ്രസർക്കാരിനുമിടയിൽ വലിയ രാഷ്ട്രീയപ്പോരിനാണ് വഴിയൊരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുമ്പോൾ, അവസാനനിമിഷം പ്രധാനമന്ത്രിയുടെ പരിപാടിയിൽ മാറ്റമുണ്ടായതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് സംസ്ഥാനസർക്കാർ തിരിച്ചടിക്കുന്നു. ഇരുസർക്കാരുകളും സംഭവം അന്വേഷിക്കാൻ പ്രത്യേകാന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സ്വതന്ത്രാന്വേഷണം ആവശ്യമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഒരു അന്വേഷണസമിതി രൂപീകരിക്കുന്നത്. 

നേരത്തേ ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബഞ്ച്, കേന്ദ്ര, സംസ്ഥാനസർക്കാരുകളോട് അവരുടെ അന്വേഷണം നിർത്തിവയ്ക്കാൻ നിർദേശിച്ചിരുന്നു. എസ്പിജി ആക്ടിന്‍റെ ലംഘനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെന്നും പ‌ഞ്ചാബ് പൊലീസിന്‍റെ ഇന്‍റലിജൻസ് വീഴ്ചയാണെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു. എന്നാൽ കാലാവസ്ഥ മോശമായപ്പോൾ ഹെലിക്കോപ്റ്റർ യാത്ര ഒഴിവാക്കി അവസാനനിമിഷം റോഡ് മാർഗം യാത്ര നടത്താൻ പ്രധാനമന്ത്രി തീരുമാനിച്ചതാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് സംസ്ഥാനസർക്കാർ വിശദീകരിച്ചത്. 

ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതി രൂപീകരിക്കപ്പെടുന്നത്. എന്താകും സമിതിയുടെ റിപ്പോർട്ട് എന്നത് പഞ്ചാബ് തെരഞ്ഞെടുപ്പിൽത്തന്നെ പ്രധാനപ്രചാരണവിഷയമാകുമെന്നുറപ്പാണ്. ശബരിമല കേസിൽ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിൽ ഭിന്ന വിധി പറഞ്ഞ ഏക ന്യായാധിപയാണ് വിരമിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര. 

Follow Us:
Download App:
  • android
  • ios