Asianet News MalayalamAsianet News Malayalam

PM Security Failure: പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച: അന്വേഷിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹർജി പരിഗണനയ്ക്ക് വരുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചു. കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അന്വേഷണം
 

PM Security Failure Supreme court will hear the petition today
Author
Delhi, First Published Jan 7, 2022, 6:59 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi)  പഞ്ചാബ് സന്ദർശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന (PM Security Failure) ഹർജി സുപ്രീംകോടതി (Supreme Court) ഇന്ന് പരിഗണിക്കും. മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ കൂടിയായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ഹർജി പരിഗണനയ്ക്ക് വരുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചു. 

കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) സുധീര്‍കുമാര്‍ സക്‌സേനയാണ്  അന്വേഷണത്തിന്  നേതൃത്വം നല്‍കുക. ഐബി ജോ. ഡയറക്ടര്‍ ബല്‍ബീര്‍ സിങ്, എസ്പിജി ഐജി എസ് സുരേഷ് എന്നിവരാണ് സമതിയിലെ മറ്റ് അംഗങ്ങള്‍. എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി. 

കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തില്‍ രോഷം മറച്ചുവെക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ''നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദി. ഞാന്‍ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തിയല്ലോ''- ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ളൈ ഓവറില്‍ കുടുങ്ങി.

വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം. എന്നാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിക്കുന്നു. 

അതേസമയം പഞ്ചാബിൽ പ്രധാനമന്ത്രിയെ തടഞ്ഞ സംഭവത്തിൽ കോണ്‍ഗ്രസിനെതിരെ ആരോപണം കടുപ്പിച്ചിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രിയെ റോഡിൽ തടയാൻ പഞ്ചാബ് സര്‍ക്കാര്‍ അവസരമൊരുക്കിയെന്ന് ചില പൊലീസ് രേഖകൾ പുറത്തുവിട്ട് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. കര്‍ഷകരുടെ പ്രതിഷേധം മുന്നിൽ കണ്ട് പഞ്ചാബ് എഡിജിപി സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നൽകിയ കത്തിന്‍റെ പകര്‍പ്പ് പുറത്തുവിട്ടാണ് ഇന്ന് കോണ്‍ഗ്രസിനെതിരെ ബിജെപി ആക്രമണം നടത്തിയത്. കര്‍ഷകര്‍ റോഡ് ഉപരോധിച്ചാൽ പ്രധാനമന്ത്രിക്ക് പോകാൻ ബദൽ റൂട്ട് ഒരുക്കണമെന്ന നിര്‍ദ്ദേശം കത്തിലുണ്ട്. റോഡ് ഉപരോധം ഉണ്ടാകുമെന്ന് പഞ്ചാബ് സര്‍ക്കാരിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്നതിന്‍റെ തെളിവാണിതെന്ന് ഈ കത്ത് പുറത്തുവിട്ടുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. 

വിവരങ്ങൾ എസ്പിജിയിൽ നിന്ന് മറച്ചുവെച്ച് പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമുണ്ടായി എന്ന ആരോപണം കടുപ്പിക്കുകയാണ് ബിജെപി. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയെയും ഡിജിപിയെയും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ പഞ്ചാബ് ഗവര്‍ണറെ കണ്ടു.

Follow Us:
Download App:
  • android
  • ios