Asianet News MalayalamAsianet News Malayalam

PM Security Lapse : സുരക്ഷാവിഴ്ചയിലെ അന്വേഷണം കോടതി മേൽനോട്ടത്തിൽ? കേന്ദ്ര നിലപാട് ഇന്ന് അറിയിച്ചേക്കും

കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിപ്പെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും. അതേസമയം, സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം നിർത്തിവയ്ക്കാൻ കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു

PM Security Lapse investigation by court central govt decision today
Author
Delhi, First Published Jan 8, 2022, 2:08 AM IST

ദില്ലി: പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെയുള്ള സുരക്ഷാവിഴ്ചയിൽ ( PM Security Lapse) കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം നൽകാമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയെ അറിയിച്ചത്. എൻഐഎ അന്വേഷണം എന്ന വാദം കേന്ദ്രം ആവർത്തിക്കാനാണ് സാധ്യത. കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിപ്പെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.

അതേസമയം, സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം നിർത്തിവയ്ക്കാൻ കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. തെളിവുകൾ സംരക്ഷിക്കാനും കോടതിയുടെ നിർദ്ദേശമുണ്ട്. സുരക്ഷ വീഴ്ച സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സമതിയെ സുപ്രീം കോടതിക്ക് തീരുമാനിക്കാമെന്നും പ‍ഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. പഞ്ചാബ് രജിസ്ട്രാർ ജനറൽ രേഖകൾ സൂക്ഷിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളത്. 

സംഭവിച്ചത് എന്ത് ?

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഭട്ടിൻഡയിൽ എത്തിയത്. മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂർ സഞ്ചരിച്ച് റോഡുമാർഗം ഹുസൈനിവാലയിലേക്ക് തിരിക്കുകയായിരുന്നു.

എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞു. പതിനഞ്ച് മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്ലൈ ഓവറിൽ കിടന്നു. എസ്പിജി ഉദ്യോഗസ്ഥർ കാറിനു ചുറ്റും നിരന്നു. പിന്നീട് ഭട്ടിൻഡയിലേക്ക് തന്നെ മടങ്ങാൻ എസ്പിജി പ്രധാനമന്ത്രിയെ ഉപദേശിച്ചു.

മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് പത്തു മീറ്റർ അകലെ വരെ പ്രതിഷേധക്കാർ എത്തിയതിന്‍റെ ചില ദൃശ്യങ്ങളും പുറത്തു വന്നു. തിരികെ ഭട്ടിൻഡയിൽ എത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് രോഷം മറച്ചു വച്ചില്ല. ജീവനോടെ താൻ തിരികെ എത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു കൊള്ളാൻ വിമാനത്താവളത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കിടന്നത് കേന്ദ്രത്തിനും പഞ്ചാബ് സർക്കാരിനുമിടയിലെ വലിയ തർക്കമായി വളരുകയാണ്.

Follow Us:
Download App:
  • android
  • ios