ജൻ ധൻ യോജന വഴി കേന്ദ്രം നേരിട്ടുള്ള ധനസഹായം നൽകുന്നില്ല. പ്രായത്തിന്റെ അടിസ്ഥാനത്തിൽ യാതൊരുവിധ നേരിട്ടുള്ള സാമ്പത്തിക സഹായമോ പണമായുള്ള ഗ്രാന്റോ സർക്കാർ നൽകുന്നില്ലെന്ന് പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
ദില്ലി: പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) വഴി ഗുണഭോക്താക്കൾക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിൽ 50,000 രൂപ മുതൽ 2,00,000 രൂപ വരെ ധനസഹായം ലഭിക്കുമെന്ന രീതിയിൽ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. വാട്ട്സ്ആപ്പ് സന്ദേശത്തിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ഇത് വ്യാജ സന്ദേശമാണെന്നും കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പി.ഐ.ബിയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതി വഴി 13 മുതൽ 65 വയസ്സുവരെയുള്ള ഇന്ത്യൻ പൗരന്മാർക്ക് അവരുടെ പ്രായത്തിനനുസരിച്ച് 50,000 രൂപ മുതൽ 2 ലക്ഷം രൂപവപെ വരെ നേരിട്ട് ധനസഹായം ലഭിക്കും. ഇതിനായുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് പ്രചരിക്കുന്ന സന്ദേശം.
എന്നാൽ ജൻ ധൻ യോജന വഴി കേന്ദ്രം നേരിട്ടുള്ള ധനസഹായം നൽകുന്നില്ല. പ്രായത്തിന്റെ അടിസ്ഥാനത്തിൽ യാതൊരുവിധ നേരിട്ടുള്ള സാമ്പത്തിക സഹായമോ പണമായുള്ള ഗ്രാന്റോ സർക്കാർ നൽകുന്നില്ലെന്ന് പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ജൻ ധൻ യോജന പദ്ധതിക്ക് കീഴിൽ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് സൗജന്യമായി റുപേ ഡെബിറ്റ് കാർഡ് ലഭിക്കും. ഈ കാർഡിന്മേൽ നിബന്ധനകൾക്ക് വിധേയമായി രണ്ട് ലക്ഷം വരെയുള്ള സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ (Accidental Insurance Cover) മാത്രമാണ് ലഭിക്കുന്നത്. ഈ ഇൻഷുറൻസ് ആനുകൂല്യത്തെ നേരിട്ടുള്ള ധനസഹായമായി തെറ്റിദ്ധരിക്കരുതെന്നും പിഐബി അറിയിച്ചു.
വാട്ട്സ്ആപ്പിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന സന്ദേശങ്ങൾക്കൊപ്പമുള്ള വെബ്‌സൈറ്റ് ലിങ്കുകൾക്ക് കേന്ദ്ര സർക്കാരുമായി യാതൊരു ബന്ധവുമില്ല. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ നിങ്ങളുടെ വ്യക്തിഗത-ബാങ്ക് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും അധിതകൃതർ മുന്നറിയിപ്പ് നൽകി. ജൻ ധൻ പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് pmjdy.gov.in മാത്രം സന്ദർശിക്കുക. വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും അവ മറ്റുള്ളവരിലേക്ക് പങ്കുവെക്കരുതെന്നും പിഐബി അറിയിച്ചു.


