Asianet News MalayalamAsianet News Malayalam

മേപ്പാടിയില്‍ കേഴമാനിന്റെ ഇറച്ചി വില്‍പ്പന നടത്തിയ സംഘം പിടിയില്‍

മേപ്പാടി നെടുമ്പാല മേഖല കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടായാടിയ ശേഷം ആവശ്യക്കാര്‍ക്ക് ഇറച്ചി എത്തിച്ചു നല്‍കുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്ന് സംശയിക്കുന്നതായും

Police arrest gang for selling deer meat in Meppadi
Author
Kalpetta, First Published Sep 15, 2021, 6:57 PM IST

കല്‍പ്പറ്റ: കേഴമാനിനെ കൊന്ന് ഇറച്ചി ശേഖരിച്ച് വില്‍പ്പന നടത്തിയെന്ന കേസില്‍ നാല് പേരെ മേപ്പാടിയില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബൈക്കും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഇറച്ചിയും ആയുധങ്ങള്‍ അടക്കമുള്ള അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. മേപ്പാടി നെടുമ്പാല ഗാര്‍ഡന്‍ വീട്ടില്‍ എസ്. രാജന്‍ (48), നെടുമ്പാല പാടി കെ.സി. മോഹനന്‍ (38), നെടുമ്പാല കോട്ടത്തറവയല്‍ അരുവിക്കരയില്‍ എ.കെ. ശിവകുമാര്‍ (40) പന്ത്രണ്ട് പാടി നെടുമ്പാല എസ്റ്റേറ്റ് ജി. ഗില്‍ബര്‍ട്ട് (40) എന്നിവരാണ് പിടിയിലായത്. 

മേപ്പാടി നെടുമ്പാല മേഖല കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടായാടിയ ശേഷം ആവശ്യക്കാര്‍ക്ക് ഇറച്ചി എത്തിച്ചു നല്‍കുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്ന് സംശയിക്കുന്നതായും ഇവരെ ചോദ്യം ചെയ്തതിന് ശേഷം മറ്റു പ്രതികളുണ്ടെങ്കില്‍ ഉടന്‍ പിടികൂടുമെന്നും പരിശോധനക്ക് നേതൃത്വം നല്‍കിയ മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ കെ.സി. പ്രദീപന്‍ അറിയിച്ചു. കോട്ടപ്പടി വില്ലേജിലുള്‍പ്പെട്ട നെടുമ്പാല ഭാഗത്ത് നിന്നാണ് കേഴമാനിനെ വേട്ടയാടിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 

നെടുമ്പാല സ്വദേശിയായ ശിവകുമാര്‍ എന്നയാളുടെ വേലിയില്‍ സ്ഥാപിച്ച വലയില്‍ കുരുങ്ങിയ മാനിനെയാണ് സംഘം പിടികൂടിയത്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാരായ കെ. സനില്‍, വി.ആര്‍. ഷാജി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ആര്‍. വിജയനാഥ്, സി.സി. ഉഷാദ്, ബീറ്റ് ഓഫീസര്‍മാരായ എം.എ. രജ്ഞിത്ത്, എം. അമല്‍, എ.കെ. റിജേഷ്, ഐശ്വര്യ സൈഗാള്‍ എന്നിവരും വനംവാച്ചര്‍മാരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios