ചെന്നൈ: മൊബൈൽ ഫോണിൽ പകർത്തിയ  തന്റെ ചിത്രം ഡിലീറ്റ് ചെയ്യാൻ തയ്യാറാകാത്ത കാമുകന്  ക്വട്ടേഷൻ നൽകിയ മുൻ ദേശീയ ടെന്നീസ് ചാമ്പ്യനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ദേശീയ അണ്ടർ 14 ടെന്നീസ് ചാമ്പ്യനായ വാസവി ഗണേശ(20)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ചെന്നൈ സ്വദേശിയായ നവീദ് അഹമദും വാസവിയും തമ്മിൽ പ്രണയത്തിലായിരുന്നു. അമേരിക്കയിൽ പഠിക്കുന്ന വാസവി ദിവസങ്ങൾക്ക് മുൻമ്പാണ് നാട്ടിലെത്തിയത്. ശേഷമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈയിലെ ഒരു പാർക്കിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും ഓരുമിച്ചുള്ള ചിത്രങ്ങൾ എടുത്തു.

ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ വാസവി ആവശ്യപ്പെട്ടുവെങ്കിലും നവീദ് അതിന് കൂട്ടാക്കിയില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുകയും വാസവി, നവീദിന്റെ മൊബൈൽ കൈക്കാലാക്കുകയും ചെയ്തു. എന്നാൽ ഹെൽമറ്റ് കൊണ്ട് വാസവിയുടെ തലയ്ക്കടിച്ച നവീദ് ഫോൺ പിടിച്ചുവാങ്ങി കടന്നുകളയുകയായിരുന്നു.

ഇതിൽ കുപിതയായ വാസവി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എസ് ഭാസ്കർ, ശരവണൻ, ബാഷ എന്നിവരോട് ഫോൺ തിരികെ വാങ്ങാനും നവീദിനെ കൈകാര്യം ചെയ്യാനും ഏൽപ്പിച്ചു. തുടർന്ന് നവീദിനെ തട്ടികൊണ്ടു പോയ സംഘം ഫോൺ കൈക്കലാക്കി. നവീദിനെ വിട്ടു നൽകണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നു സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. എന്നാൽ പണം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ സംഘം നവീദിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

തുടർന്ന് നവീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണ് വാസവിയുടെ  ക്വട്ടേഷനെ പറ്റി പൊലീസ് അറിയുന്നത്. ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും അത് തെറ്റാണെന്ന് മനസ്സിലാക്കിയ പൊലീസ് വാസവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.