മുംബൈ: പരോളില്‍ ഇറങ്ങി മുങ്ങിയ 1993 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പിടിയില്‍. ബോംബ് ഡോക്ടര്‍ എന്നറിയപ്പെടുന്ന ജലീല്‍ അന്‍സാരി (69) ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ചാണ് പിടിയിലായത്. 21 ദിവസത്തെ പരോളിന് ഇറങ്ങിയ അന്‍സാരി വെള്ളിയാഴ്‍ച തിരികെ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ഇയാളെ വ്യാഴാഴ്ച മുതല്‍ കാണാതായി.

അതേസമയം അന്‍സാരി രാജ്യവിടാനുള്ള ശ്രമത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. "പള്ളിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് അന്‍സാരിയെ പിടികൂടിയത്. ലക്നൗവില്‍ പ്രതിയെ എത്തിച്ചിട്ടുണ്ട്". ഉത്തര്‍പ്രദേശ് പൊലീസിന്‍റെ വലിയ നേട്ടമാണിതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജസ്ഥാനിലെ അജ്മേര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് അന്‍സാരി. കൂടാതെ നിരവധി ഭീകരാക്രമണ കേസില്‍ അന്‍സാരി ഉള്‍പ്പെട്ടിട്ടുണ്ടെന്നും സംശയമുണ്ട്.