ഭോപ്പാല്‍: ബംഗലൂരു ഹോട്ടലിൽ കഴിയുന്ന വിമത എംഎൽഎമാരെ കാണാനെത്തിയ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗിനെ പൊലീസ് തടഞ്ഞു. കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത ദിഗ്‍വിജയ് സിംഗിനെയും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡികെ ശിവകുമാറിനെയും ഇപ്പോള്‍ കമ്മീഷണര്‍ ഓഫീസിലെത്തിച്ചിരിക്കുകയാണ്. ബംഗലൂരുവില്‍ കഴിയുന്ന എംഎല്‍എമാരിലൊരാള്‍ ദിഗ്‍വിജയ് സിംഗിനെ ടെലിഫോണില്‍ ബന്ധപ്പെട്ട് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിനനുസരിച്ചാണ് അദ്ദേഹം ബംഗ്ലൂരുവിലെത്തിയതെന്നും അദ്ദേഹത്തെ തടയാന്‍ പൊലീസിന് അനുവാദമില്ലെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിമത എംഎൽഎമാരെ താമസിപ്പിച്ച റിസോർട്ടിലെത്തിയ ദിഗ്‌വിജയ് സിംഗിന് റിസോർട്ടിൽ പ്രവേശിക്കാൻ പൊലീസ് അനുമതി നൽകാത്തതില്‍ പ്രതിഷേധിച്ച് റിസോര്‍ട്ടിന് മുന്നില്‍ അദ്ദേഹം ധര്‍ണയിരിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. 

അതേ സമയം മധ്യപ്രദേശിൽ വിശ്വാസ വോട്ട് തേടാൻ സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നൽകിയ ഹര്‍ജി ഉച്ചക്ക് ശേഷം പരിഗണിക്കാൻ സുപ്രീംകോടതി മാറ്റിവെച്ചു. ബിജെപി കോണ്‍ഗ്രസ് എംഎൽഎമാരെ തടവിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും ഹര്‍ജി നൽകിയിട്ടുണ്ട്. കേസിൽ ഇന്നലെ മധ്യപ്രദേശ് സര്‍ക്കാരിനും സ്പീക്കര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.തടവിൽ വെച്ചിരിക്കുന്ന എംഎൽഎമാരെ മോചിപ്പിച്ച് അഞ്ചോ ആറോ ദിവസം അവര്‍ക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാൻ അവസരം നൽകിയ ശേഷം വിശ്വാസ വോട്ട് തേടാമെന്നാണ് കമൽനാഥ് സര്‍ക്കാരിന്‍റെ നിലപാട്. 16 കോണ്‍ഗ്രസ് വിമത എംഎൽഎമാരിൽ ആറുപേരുടെയും രാജിക്കത്ത് സ്പീക്കര്‍ സ്വീകരിച്ചു.