മുംബൈ: മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന വിമത എംഎല്‍എമാരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നോട്ടീസ് നല്‍കിയിട്ടും ഹോട്ടലിന് മുമ്പില്‍ നിന്നും മടങ്ങാത്ത സാഹചര്യത്തിലാണ് കസ്റ്റഡി. ശിവകുമാര്‍, എംഎല്‍എ നസീം ഖാന്‍, മിലിന്ദ് ദേവ്‍റ, ഗണേഷ് യാദവ് എന്നിവരെയാണ് നീക്കിയത്. 

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുമ്പില്‍ കൂട്ടംകൂടിയിരിക്കുകയും ധര്‍ണ്ണ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് മുംബൈ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഡി കെ ശിവകുമാറിനെയും മറ്റ് മൂന്നുപേരെയും  കലീന യൂണിവേഴ്‍സിറ്റി റെസ്റ്റ് ഗസ്റ്റ് ഹൗസില്‍ എത്തിച്ചു. 

ഇവരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് പൊലീസ് നീക്കം.  ഹോട്ടലിന്‍റെ മുമ്പില്‍ തടച്ചുകൂടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഴുവന്‍ ലാത്തിചാര്‍ജ് നടത്തി പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.