ദില്ലി: ലോക്ക്ഡൗണിനിടെ പിറന്നാൾ ആഘോഷിക്കുന്ന നാല് വയസുകാരിക്ക് കേക്ക് എത്തിച്ച് പൊലീസ്. ഫത്തേപുരി ബെറിയിലെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

തൊഴിലാളി ക്യാമ്പിലെ ഒരു തൊഴിലാളിയുടെ കുട്ടിയുടെ പിറന്നാളിനായിരുന്നു പൊലീസുകാരൻ കേക്ക് എത്തിച്ചു നൽകിയത്. ലേക്ക്ഡൗൺ കാരണം കേക്ക് വാങ്ങിക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്ന കുട്ടിയുടെ മുമ്പിലേക്ക് പൊലീസുകാരൻ എത്തുകയായിരുന്നു. തുടർന്ന് കേക്ക് സംഘടിപ്പിച്ച് കുട്ടിയുടെ ഇഷ്ടപ്രകാരം പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. 

വാർത്താ ഏജൻസിയായ എഎൻഐയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പൊലീസുകാരനൊപ്പം നിൽക്കുന്ന നാല് വയസുകാരിയെയും മറ്റ് കുട്ടികളെയും ചിത്രത്തിൽ കാണാം. എല്ലാവരും മാസ്കുകൾ ധരിച്ചിട്ടുമുണ്ട്. ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേരാണ് പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.