ചെന്നൈ: ഷഹീന്‍ ബാഗ് മാതൃകയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ സംഘര്‍ഷം. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ചെന്നൈ വഷര്‍മാന്‍ മെട്രോ സ്റ്റേഷന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പൊലീസിന്‍റെ ശ്രമമാണ് സംഘര്‍ഷത്തിലേക്ക് വഴി മാറിയത്.  സംഘര്‍ഷം ശക്തമായതോടെ പ്രതിഷേധക്കാരെ പിരിച്ചു വിട്ടാനായി പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ലാത്തിചാര്‍ജിലും സംഘര്‍ഷത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരില്‍  പൊലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.  സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധക്കാര്‍ വീണ്ടും തടിച്ചു കൂടിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ മൗണ്ട് റോഡും തൗസന്‍റ് ലൈറ്റ്സ് റോഡും തടഞ്ഞ് പ്രതിഷേധിക്കുകയാണ് ഇപ്പോള്‍. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റുവെന്നാണ് ചെന്നൈ പൊലീസ് അറിയിക്കുന്നത്.