അഹമ്മദാബാദിൽ കുഴൽക്കിണറിൽ വീണ മകളെ രക്ഷിക്കാൻ 45കാരനായ അച്ഛനും കിണറ്റിലേക്ക് ചാടി. അഞ്ചടി വിസ്താരവും 60 അടി താഴ്ചയുമുള്ള കിണറ്റിൽ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. അച്ഛന്റെയും മകളുടെയും ആരോഗ്യനില തൃപ്തികരം
അഹമ്മദാബാദ്: മകളെ രക്ഷിക്കാൻ ഇടുങ്ങിയ കുഴൽക്കിണറിലേക്ക് എടുത്തുചാടി അച്ഛൻ. അഹമ്മദാബാദിലെ ചന്ദ്ലോദിയയിലാണ് സംഭവം. 19കാരിയായ മകൾ വെള്ളം നിറഞ്ഞുകിടക്കുന്ന കുഴൽക്കിണറിലേക്ക് വീണതിന് പിന്നാലെയാണ് 45കാരനായ പിതാവ് രാജേഷ് സൈനിയും കിണറിലേക്ക് ചാടിയത്. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഇരുവരെയും കരക്കെത്തിച്ചു.
ഈ പ്രദേശത്ത് ഗാർഡനർ ജോലി ചെയ്യുകയായിരുന്നു കുടുംബം. കഴിഞ്ഞ ദിവസം ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. അഞ്ചടി വിസ്താരവും 60 അടിയോളം താഴ്‌ചയുള്ളതുമാണ് കിണർ. അഞ്ജലി വീണതിന് പിന്നാലെ എന്ത് വിലകൊടുത്തും മകളുടെ ജീവൻ രക്ഷിക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് അച്ഛൻ രാജേഷും കിണറിലേക്ക് ചാടിയത്.
വെള്ളംനിറഞ്ഞ കിണറ്റിൽ നിന്ന് പുറത്തുകടക്കാൻ ഇരുവർക്കും സാധിച്ചില്ല. ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചിട്ടും ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. നവരംഗ്‌പുര ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനാംഗമായ ഒരാൾ കിണറിലേക്ക് ഇറങ്ങി ഓരോരുത്തരെയായി മുകളിലേക്ക് കയറ്റുകയായിരുന്നു.
കിണറിൽ നിന്ന് പുറത്തെത്തിച്ച അഞ്ജലിയെയും രാജേഷിനെയും സോല സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തും.


