ഭോപ്പാല്‍: നാട്ടുകാര്‍ക്ക് നിരന്തരം ശല്യമായ രണ്ട് പ്രതികൾക്ക് വിചിത്ര ശിക്ഷ നൽകി പൊലീസ്. മധ്യപ്രദേശ് ഇന്‍ഡോറിലെ ദ്വാരകാപുരിയിലാണ് സംഭവം. പ്രതികളെ കൊണ്ട് ഏത്തമിടീക്കുകയും മാപ്പ് പറയിപ്പിക്കുകയുമാണ് പൊലീസ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

നടുറോഡില്‍ രണ്ടു പ്രതികളെ കൊണ്ട് ഏത്തമിടീക്കുന്നതാണ് വീഡിയോയിലുളളത്. തുടര്‍ന്ന് നിലത്ത് മുട്ടുകുത്തി ഇരുന്ന് റോഡില്‍ തലതാഴ്ത്തി പ്രതികള്‍ മാപ്പു ചോദിക്കുന്നുമുണ്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റോഡില്‍ മഴ പെയ്ത് വെളളം കെട്ടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.