കോക്ടെയില്‍ പാര്‍ട്ടികള്‍ ഇല്ലാതെ നടക്കുന്ന വിവാവ ചടങ്ങിലെ വധുവിന് പതിനായിരത്തൊന്ന് രൂപയാണ് സമ്മാനം. ഈ തുക ദേവപ്രയാഗ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ സമാഹരിക്കുന്നതാണെന്നതാണ് ശ്രദ്ധേയം

ഡെറാഡൂണ്‍: വിവാഹ ദിവസം മദ്യമൊഴുകുന്ന പാര്‍ട്ടികള്‍ നടത്താതിരിക്കാനായി ശബ്ദമുയര്‍ത്തുന്ന വധുക്കള്‍ക്ക് പ്രതിഫലവുമായി പൊലീസ്. വിവാഹ സത്കാരത്തിലെ മദ്യപാനം ഒഴിവാക്കാനായി ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗ് പൊലീസിന്‍റേതാണ് പുതിയ പദ്ധതി. ബുഹ്ലി കന്യാദാന്‍ പദ്ധതി എന്ന പേരിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

കോക്ടെയില്‍ പാര്‍ട്ടികള്‍ ഇല്ലാതെ നടക്കുന്ന വിവാവ ചടങ്ങിലെ വധുവിന് പതിനായിരത്തൊന്ന് രൂപയാണ് സമ്മാനം. ഈ തുക ദേവപ്രയാഗ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ സമാഹരിക്കുന്നതാണെന്നതാണ് ശ്രദ്ധേയം. ദേവപ്രയാഗ് പൊലീസ് സ്റ്റേഷന്‍റെ പരിധിയിലെ വീടുകളിലെ യുവതികള്‍ക്കാണ് ഈ സമ്മാനം ലഭ്യമാകുക. മദ്യപിച്ചുള്ള കലഹങ്ങള്‍ ഈ മേഖലയില്‍ വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് സ്റ്റേഷന്‍ ഹൌസ് ഓഫീസറായ മഹിപാല്‍ റാവത്ത് വിശദമാക്കുന്നത്.

ഈ പ്രദേശത്തെ ആളുകളോട് മദ്യപാനം ഒഴിവാക്കുന്നത് സംബന്ധിച്ച നിരവധി പ്രാവശ്യം സംസാരിച്ചിട്ടും അനുകൂലമായ നിലപാടിലെത്താത്തതോടെയാണ് ഇത്തരമൊരു ശ്രമമെന്ന് പൊലീസും വിശദമാക്കുന്നു. മദ്യ വിരുദ്ധ പ്രചാരണങ്ങളുമായി ഉത്തരാഖണ്ഡില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നീക്കം മദ്യം ഒഴിവാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്.