സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ഒരു സംഘം കൂട്ടബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു. കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായി.

റായ്പുർ: ബലാത്സം​ഗക്കേസിൽ സ്വന്തം മകനെ അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ. അറസ്റ്റിന് തൊട്ടുപിന്നാലെ സ്ഥലം മാറ്റം ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നൽകി. എഎസ്ഐ ദീപക് സാഹു എന്നയാളാണ് കൂട്ടബലാത്സം​ഗക്കേസിൽ ഉൾപ്പെട്ട മകൻ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാണ് ജാർഖണ്ഡിൽ നാടിനെ നടുക്കിയ കൂട്ടബലാത്സം​ഗം നടന്നത്. സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ഒരു സംഘം കൂട്ടബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു. കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായി. ദീപക് സാഹുവിന്റെ അപേക്ഷ പരി​ഗണിച്ച് ഇദ്ദേഹത്തെ മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

ഓ​ഗസ്റ്റ് 31നാണ് സംഭവം. രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബന്ധുവിനെ അടിച്ച് ബോധം കെടുത്തിയ ശേഷം 10അം​ഗ സംഘം പെൺകുട്ടികളെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി കൂട്ട ബലാത്സം​ഗം ചെയ്യുകയായിരുന്നു. അതിജീവിതയായ ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ വിവിധ പൊലീസ് സംഘങ്ങളെ എസ്എസ്പി നിയോ​ഗിച്ചു. ദീപക് സാഹുവിനായിരുന്നു ചുമതല. എന്നാൽ, തന്റെ അന്വേഷണം സ്വന്തം മകനിലേക്കാണ് പോകുന്നതെന്നറിഞ്ഞപ്പോൾ അദ്ദേഹം ഞെട്ടി.

എങ്കിലും മകന് അനുകൂലമായി യാതൊന്നും അദ്ദേഹം ചെയ്തില്ല. മകനെ സ്വന്തം കൈകൊണ്ട് അറസ്റ്റ് ചെയ്ത ശേഷം അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറുകയും സ്ഥലം മാറ്റത്തിന് അപേക്ഷിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് റായ്പൂരിൽ പ്രതിഷേധം നടന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് നാട്ടുകാർ‌ ആവശ്യപ്പെട്ടു.