ദില്ലി: ഭക്ഷണം നൽകാൻ വൈകിയെന്നും വിളിച്ചിട്ട് ഫോണെടുത്തില്ല എന്നും കാരണങ്ങൾ പറഞ്ഞ് ഹോട്ടൽ മാനേജരെ മർദ്ദിച്ച പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ കേസെടുത്തു. ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടൽ മാനേജരെ മർദ്ദിച്ചതിനാണ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. നിയന്ത്രണമില്ലായ്മ, കൈയേറ്റശ്രമം, ഭീഷണിപ്പെടുത്തൽ, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് ഉദ്യോ​ഗസ്ഥന് മേൽ ചുമത്തിയിരിക്കുന്നത്. 

മാനേജരെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. എഎസ്ഐയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. മാനേജരെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ, മുറിവുകൾ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരാതി സത്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടി സ്വീകരിച്ച്, കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ ഹരീന്ദ്ര കുമാർ സിം​ഗ് പറഞ്ഞു. 

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ റസ്റ്റോറന്റിൽ വിളിച്ച് ഭക്ഷണം ആവശ്യപ്പെടുന്നത്. തിരക്കായത് കൊണ്ടാണ് എഎസ്ഐ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ സാധിക്കാതിരുന്നതെന്നും ഹോട്ടൽ  മാനേജർ വീഡിയോ ദൃശ്യങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് സമയത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ജീവനക്കാരൻ എത്തി ചെല്ലാൻ ആവശ്യപ്പെട്ടു. ''ഞാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹം എന്നെ കൈയേറ്റം ചെയ്തു. കൈകളിൽ വിലങ്ങിട്ടതിന് ശേഷം ഒരു മുറിയിൽ കയറ്റി അടിക്കാനും ഇടിക്കാനും തുടങ്ങി. എന്റെ സ്വകാര്യഭാ​ഗങ്ങളിൽ  തൊഴിച്ചു. കൂടാതെ വടി ഉപയോ​ഗിച്ചും എന്നെ ആക്രമിച്ചു.'' മാനേജർ തനിക്കേറ്റ പീഡനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. മാത്രമല്ല കൈവശമുണ്ടായിരുന്ന 5500 രൂപ തട്ടിയെടുത്ത്, മേലിൽ കോൾ എടുക്കാതിരിക്കരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷമാണ് ഇവിടെ നിന്ന് പോകാൻ സാധിച്ചതെന്നും മാനേജർ പറയുന്നു.