സൂറത്ത്: ജന്മദിനം ആഘോഷമാക്കാന്‍ പലപൊടിക്കൈകളും ട്രെന്‍റുകളും ഫോളോചെയ്യുന്നവരുണ്ട്. എന്നാല്‍ വാളുപയോഗിച്ച് കേക്ക് കട്ടുചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ഗുജറാത്തിലെ പൊലീസ് ഓഫീസര്‍. സൂറത്തിലെ അമരോളി പൊലീസ് സ്റ്റേഷനില്‍ എസ് ഐ ആയ എം പി പധിയാരാണ് വാളുപയോഗിച്ച് കേക്കുകട്ട് ചെയ്ത് വിവാദത്തിലായിരിക്കുന്നത്. 

എസ് ഐയ്ക്ക് ഒപ്പമുണ്ടായിരുന്ന ഓഫീസര്‍മാര്‍ക്ക് നേരെയും അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. 

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നടത്തിയ സ്വകാര്യ പരിപാടിയായിരുന്നു അതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് സൂറത്ത് പൊലീസ് കമ്മീഷണര്‍ ഹരികൃഷ്ണ പട്ടേല്‍ പറഞ്ഞു. 

സെപ്തംബര്‍ 16നായിരുന്നു ആഘോഷം. നേരത്തേ പധിയാര്‍ ജോലിയിലിരുന്ന സച്ചിന്‍ പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരാണ് ആഘോഷം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.