ബെംഗളൂരു: കളിയിക്കാവിളയിൽ തമിഴ്നാട് എഎസ്ഐയെ വെടിവച്ച് കൊന്നതിന് പിന്നിൽ നിരോധിത സംഘടനയായ അൽ ഉലമയുമായി ബന്ധമുള്ളവരെന്ന് സംശയം. കര്‍ണാടകയില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥരീകരിച്ചു. പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് എന്ന് വ്യക്തമായി. ബെംഗളൂരുവില്‍ നിന്ന് പിടിയിലായവരെ തമിഴ്നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്യുന്നു. നിരോധിത തീവ്രവാദസംഘടന അൽ ഉലമയിലെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാൻ ഖാൻ,സലിം ഖാൻ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

രാമനഗര, ശിവമൊഗ, കോലാർ എന്നിവിടങ്ങളിൽ നിന്നാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഇവരെ ഇന്ന് അറസ്റ്റ് ചെയ്തത് . കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇജാസ് പാഷയ്ക്ക് എഎസ്ഐയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥരീകരിക്കുകയായിരുന്നു. പ്രതികളിലൊരാളായ തൗഫീക്കിന് മുംബൈയില്‍ നിന്ന് തോക്ക് എത്തിച്ച് നല്‍കിയത് ഇജാസാണ്. ബെംഗളൂരുവില്‍ വച്ചാണ് തോക്ക് കൈമാറിയത്. ബെംഗളൂരുവിലെ കലശപാലയത്ത് ടാക്സി ഡ്രൈവറായിരുന്നു ഇജാസ്. അല്‍ ഉലമ സംഘടനയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗിലെ പ്രവര്‍ത്തകനാണ് ഇജാസ്.  

പ്രധാന നേതാവ് മഹബൂബ് പാഷ, മൊയ്തീൻ ഖാജ എന്നിവ‌ർ ഉൾപ്പെടെ 14 പേർക്ക് വേണ്ടി ബെംഗളൂരു ക്രൈംബ്രാഞ്ച് തിരച്ചിൽ ശക്തമാക്കി. കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുള്‍ സലീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്നാട് നാഷ്ണല്‍ ലീഗിനായി പ്രവര്‍ത്തിച്ചതിന്‍റെ രേഖകളും തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്ഫോടനത്തിലും, കൊല്ലം കളകട്രേറ്റ് സ്ഫോടനത്തിലും അല്‍ ഉലമയ്ക്ക് ബന്ധമുണ്ടെന്നാണ് നിഗമനം. ബെംഗളൂരുവിന് പുറമേ ദില്ലി കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. അതേസമയം എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു.

"