ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോള്‍ മാസ്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുയാണ് ചില സംസ്ഥാനങ്ങള്‍. രാജ്യതലസ്ഥാനം പൂര്‍ണമായും മാസ്‍ക്ക് ഉപയോഗത്തിലേക്ക് മാറുനുള്ള ശ്രമത്തിലാണ്. മാസ്‍ക്ക് ധരിക്കാതിരുന്നാല്‍ പിഴയും ആറുമാസം തടവും നേരിടേണ്ടി വരുമെന്നാണ് ദില്ലി സര്‍ക്കാരിന്‍റെ ഉത്തരവ്. ഇതിന് പിന്നാലെ മാസ്‍ക്ക് ധരിക്കാതെ പുറത്തിറങ്ങിയ  32 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പുറത്തിറങ്ങുന്നവര്‍ കാറിലായാലും മാസ്ക് ധരിക്കണമെന്നാണ് ചീഫ് സെക്രട്ടറി വിജയദേവിന്‍റെ ഉത്തരവ്. ജോലി സ്ഥലത്തും ഓഫീസുകളിലും മീറ്റിങ്ങുകളിലും മാസ്‍ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മാസ്‍ക്കുകളോ വീട്ടില്‍ തയാറാക്കുന്ന കഴുകി ഉപയോഗിക്കാവുന്ന മാസ്‍ക്കുകളോ ധരിക്കാം. മാസ്‍ക്ക് ധരിച്ച് പുറത്തിറങ്ങണമെന്ന് പഞ്ചാബ് സര്‍ക്കാരും ഉത്തരവിറക്കി. വൃത്തിയുള്ള തുണികൊണ്ട് മുഖം മറയ്ക്കാനും അനുവദിക്കും.

മുംബൈയാണ് ഈ നിര്‍ദ്ദേശം നല്‍കിയ മറ്റൊരു നഗരം. രോഗബാധിതരുടെ എണ്ണം കൂടിയതയോടെ പൂണെയും നാസിക്കും നാഗ്‍പൂരും മുഖാവരണം നിര്‍ബന്ധമാക്കി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ചഢീഗഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലും പൊതുവിടങ്ങളില്‍ മാസ്‍ക്ക് നിര്‍ബന്ധമാണ്. സംസ്ഥാനത്തെ എല്ലാ നഗര മേഖലകളിലും കാര്‍ഷിക വിപണികളിലും മുഖാവരണം ധരിക്കണമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.