ഹൈദരാബാദ്: പൊലീസിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റതായി ആരോപിച്ച ബിജെപി എംഎല്‍എ കല്ലുകൊണ്ട് സ്വയം തലക്കടിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹൈദരാബാദ് പൊലീസ്. ജുമെറത് ബസാറില്‍ റാണി അവന്തി ഭായ് ലോധിന്‍റെ പ്രതിമ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് ആക്രമിച്ചെന്നാണ്  ഗോഷാമഹലിലെ ബിജെപി എംഎല്‍എ റ്റി രാജ സിങ് ആരോപണം ഉന്നയിച്ചത്. 

സംഘര്‍ഷം നടക്കുന്നതിനിടെ രാജാ സിങ് കല്ലുകൊണ്ട് സ്വയം തലക്കടിക്കുന്ന വീഡിയോ ഹൈദരാബാദ് വെസറ്റ് സോണ്‍ ഡി സി പി എ ആര്‍ ശ്രീനിവാസാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ക്രമസമാധാന നില പാലിക്കാനെത്തിയ പൊലീസുകാരെ രാജാ സിങ് ആക്രമിച്ചു. പ്രതിമ ഉയര്‍ത്തുന്നതില്‍ നിന്നും രാജാ സിങിനെ കോര്‍പ്പറേഷന്‍ വിലക്കിയിരുന്നു. നിയമം പാലിക്കാനാണ് അദ്ദേഹത്തെ തടഞ്ഞതെന്നും ഡി സി പി പറഞ്ഞു. 

റാണി അവന്തി ഭായ് ലോധിന്‍റെ പ്രതിമ നേരത്തെ നശിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിമ ഉയര്‍ത്തുന്നതില്‍ നിന്ന് തന്നെ വിലക്കുകയായിരുന്നെന്നും രാജാ സിങ് ആരോപിച്ചു. ലാത്തി ചാര്‍ജിന്‍റെ എല്ലാ വീഡിയോകളും പൊലീസ് പുറത്തുവിടണമെന്നും പൊലീസ്  തന്നെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും രാജാ സിങ് ട്വീറ്റ് ചെയ്തു. 

എന്നാല്‍ ബിജെപി എംഎല്‍എയും അണികളും പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞത് കൊണ്ടാണ് ലാത്തി വീശേണ്ടി വന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. 1857-ലെ ശിപായി ലഹളയില്‍ ജുമെറത് ബസാര്‍ രണ്ട തവണ നശിപ്പിക്കപ്പെട്ടിരുന്നു.