ലഖ്നൗ: ഉത്തർപ്രദേശിൽ സ്വാമി ചിന്മായനന്ദിനെതിനായ ലൈംഗിക ആരോപണം ഉന്നയിച്ച നിയമ വിദ്യാർത്ഥിനിയെ കണ്ടെത്തിയതായി പൊലീസ്. രാജസ്ഥാനിൽ നിന്നും പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

താൻ സുരക്ഷിതയാണെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും പെൺകുട്ടിമൊഴി നൽകിയെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഇവരുടെ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടില്ല. സംഭവം വിവാദമായതോടെ സൂപ്രീം കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പെൺകുട്ടിയെ കണ്ടെത്തിയതായി പൊലീസ് അറയിച്ചത്. നേരത്തെ പെൺകുട്ടിയെയും സുഹൃത്തിനെയും ഒരു ഹോട്ടലിൽ കണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. 

വിഷയത്തിൽ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം വനിതാ അഭിഭാഷകർ കത്ത് നൽകിയിരുന്നു. കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും സ്വാമിയുടെ അനുയായികൾ അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും പെൺകുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

അന്വേഷണം കാര്യക്ഷമമല്ലെന്നും അച്ഛൻ ആരോപിച്ചു. ഫേസ് ബുക്കിലൂടെയാണ്, നിയമ വിദ്യാർത്ഥിനി മുൻ കേന്ദ്ര മന്ത്രിയായിരുന്ന സ്വാമി ചിന്മായനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് സഹായാഭ്യാര്‍ത്ഥനയും പെണ്‍കുട്ടി നടത്തിയിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. 

തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് ആരോപണ വിധേയനായ സ്വാമി ചിന്മയാനന്ദ് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെ കാണാതായ ശേഷം തന്നെ ചിലര്‍ വിളിച്ച് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.