മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയ സ്ഫോടകവസ്തു നിര്‍വീര്യമാക്കിയെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാവിലെ ഒമ്പത് മണിയോടെയാണ് ഉപേക്ഷിച്ച നിലയിൽ ലാപ്ടോപ് ബാഗ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ടിക്കറ്റ് കൗണ്ടറിനും വിഐപി പാർക്കിങ് സ്ഥലത്തിനും അടുത്തായിരുന്നു ഇത്. ഉടൻ ബോംബ് സ്ക്വാഡിനെയടക്കം വിവരമറിയിച്ചു. സ്ഥലത്ത് നിന്ന് മുഴുവനാളുകളെയും മാറ്റി. വിമാനത്താവളത്തിലേക്കുളള ഗതാഗതം നിയന്ത്രിച്ചു. വിശദപരിശോധന നടന്നു. ബാഗിൽ ഒന്നും കണ്ടെത്താനായില്ല എന്നായിരുന്നു എയർപോർട്ട് ഡയറക്ടറുടെ ആദ്യ വിശദീകരണം.

എന്നാൽ ബോംബിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് രണ്ട് മണിയോടെ സിഐഎസ്എഫ് ഡിഐജി അനിൽ പാണ്ഡേ സ്ഥിരീകരിച്ചു. നിർവീര്യമാക്കാനായി ഇത് പ്രത്യേക വാഹനത്തിൽ വിമാനത്താവള പ്രദേശത്തുനിന്ന് മാറ്റി. ആശങ്കപ്പെടാനില്ലെന്ന് മംഗളൂരു പൊലീസ് കമ്മീഷണറും  വ്യക്തമാക്കി.

രണ്ട് പേർ ഓട്ടോറിക്ഷയിൽ വന്നിറങ്ങി ബാഗുപേക്ഷിച്ച് കടന്നുകളയുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറയുന്നു. ഇവർക്കായി തെരച്ചിൽ തുടങ്ങി.സുരക്ഷാ വീഴ്ച ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്.

Read Also: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ്? അതീവ ജാഗ്രത പ്രഖ്യാപിച്ചു