ബെംഗളുരു: പൗരത്വനിയമഭേദഗതിക്കും ദേശിയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയിലെ ഒരു സ്കൂള്‍ അടച്ചുപൂട്ടി. ഞായറാഴ്ചയാണ് നാടകം അരങ്ങേറിയത്. പിന്നീട് ഈ നാടകത്തിന്‍റെ വീഡിയോ ഒരു സമൂഹമാധ്യമത്തില്‍ അപ്‍ലോഡ് ചെയ്തു. ഇതിന് പിന്നാലെയാണ് സാമൂഹ്യപ്രവര്‍ത്തകനായ നിലേഷ് രക്ഷ്യാല്‍ സ്കൂളിനെതിരെ പരാതി നല്‍കിയത്. ഇതോടെ പൊലീസ് എത്തി സ്കൂള്‍ സീല്‍ ചെയ്തു. കര്‍ണാടകയീിലെ ബിദറിലാണ് വിദ്യാലയം. 

പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുവെന്നാണ് സ്കൂളിനെതിരെ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പൗരത്വനിയമഭേഗഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാല്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഈ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്നും ആരോപിക്കുന്നു.  

സര്‍ക്കാര്‍ നയത്തെയും പദ്ധതികളെയും കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്ന നാടകം സമൂഹമാധ്യമങ്ങളില്‍ വൈറലായ രീതി സമൂഹത്തിലെ സമാധാനം തകര്‍ക്കുന്നതാണെന്നും രക്ഷ്യാല്‍ ആരോപിക്കുന്നു. സ്ഥാപനത്തിനെതിരെ നിയമപരമായ നടപടിയാണ് പരാതിയിലൂടെ ഇയാള്‍ ആവശ്യപ്പെട്ടത്. സ്കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച എബിവിപി ആഭ്യന്ത്രമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.