ശ്രീന​ഗർ: ജമ്മു കശ്മീരിലെ കത്വയിൽ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ വച്ചാണ് പൊലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഇവർ ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരെന്ന് കത്വ എസ്എസ്പി പറ‍ഞ്ഞു.

ഇന്ന് രാവിലെയാണ് സംഭവം. ട്രക്കിൽ നിന്നും ആറ് എകെ 47 തോക്കുകളും പിടി കൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ഭീകരർക്ക് കൈമാറാനാണ് ആയുധങ്ങളുമായി പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. 

ട്രക്കിനുള്ളിൽ ഒളിപ്പിച്ചുവച്ച ആയുധങ്ങളുടെ പൂർണമായ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. ആയുധങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ട്രക്ക് പിടികൂടിയത്.