ദില്ലിയിലെ ഇന്ദർലോക് ഏരിയയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പ്രാർഥനക്കെത്തിയവരുടെ തിരക്ക് കൂടിയതിനാലാണ് വിശ്വാസികളിൽ ചിലർ റോഡരികിലേക്ക് നിസ്കരിക്കാനെത്തിയത്.
ദില്ലി: തിരക്കേറിയ റോഡിനരികിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരം നടത്തിയ വിശ്വാസികൾക്കു നേരെ അക്രമം നടത്തിയ പൊലീസുകാരനെതിരെ നടപടി. ദില്ലിയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും വകുപ്പുതല അന്വേഷണത്തിന് നിർദേശിച്ചതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നമസ്കരിച്ചവരെ ചവിട്ടുകയും അടിയ്ക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് നടപടി.
ദില്ലിയിലെ ഇന്ദർലോക് ഏരിയയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പ്രാർഥനക്കെത്തിയവരുടെ തിരക്ക് കൂടിയതിനാലാണ് വിശ്വാസികളിൽ ചിലർ റോഡരികിലേക്ക് നിസ്കരിക്കാനെത്തിയത്. നിസ്കരിക്കുന്നവരെ പൊലീസ് പോസ്റ്റിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പിരിച്ചുവിടാൻ ശ്രമിക്കുകയും പിന്നിൽ നിന്ന് ചവിട്ടുകയും ചെയ്തു.
ചിലരെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിടാനും ശ്രമിച്ചു. 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചു. വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് പോസ്റ്റ് ഇൻ-ചാർജിനെ സസ്‌പെൻഡ് ചെയ്തു. ആവശ്യമായ അച്ചടക്ക നടപടികളും സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡൽഹി നോർത്ത്) എംകെ മീണ പറഞ്ഞു. വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധമുയർന്നു. പ്രതിഷേധക്കാർ പൊലീസുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. മസ്ജിദ് നിറഞ്ഞുകവിഞ്ഞതിനാലാണ് പുറത്ത് നമസ്കാരം നടത്തേണ്ടി വന്നതെന്ന് മസ്ജിദ് അധികൃതർ അറിയിച്ചു.
