ബം​ഗളൂരു: കൊറോണ വൈറസ് രോ​ഗിയാണെന്ന പേരിൽ വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലൂടെ തെറ്റിദ്ധരിപ്പിച്ചതിന് ​ഗ്രൂപ്പ് അഡ്മിന് പൊലീസിന്റെ താക്കീത്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ സംഗംനേറിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വനിതാ അഡ്‌മിനും മറ്റൊരു അംഗത്തിനുമാണ് വെള്ളിയാഴ്ച  പോലീസ് കർശന താക്കീത് നൽകിയത്. ഇവർക്കെതിരെ മെഡിക്കൽ ഓഫീസർ പരാതി നൽകിയതിനെ തുടർന്നാണ് പോലീസിന്റെ നടപടി.

‘ബുലാന്ദ് രാജ്കർണി’  എന്ന് പേരായ വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലാണ് ഇത്തരത്തിൽ തെറ്റായ സന്ദേശം പ്രചരിച്ചത്. “കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഒരു രോഗിയെ സംഗംനർ ബസ് സ്റ്റാൻഡിൽ കണ്ടെത്തി. പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ പോകരുതെന്നും ഒരു മാസ്‌ക് അല്ലെങ്കിൽ തൂവാല ഉപയോ​ഗിച്ച് വായ് മൂടണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നായിരുന്നു പ്രചരിച്ച സന്ദേശം.

എന്നാൽ വസ്തുതകൾ പരിശോധിക്കാതെ സന്ദേശം ഗ്രൂപ്പിൽ പ്രചരിച്ചപ്പോൾ മറ്റുള്ളവർ പരിഭ്രാന്തരായി. അതിനാൽ ഗ്രൂപ്പ് അംഗത്തിനും അതിന്റെ അഡ്മിനുമെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടതായി സംഗംനർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീകളെ വിളിച്ചുവരുത്തി ഇത്തരം അഭ്യൂഹങ്ങൾ പരത്തരുതെന്ന് താക്കീത് നൽകി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.