Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ മദ്യപിച്ച് വണ്ടിയോടിച്ചത് ചോദ്യംചെയ‍്ത പൊലീസുകാര്‍ക്ക് തല്ല്; എഎസ്ഐക്ക് ഗുരുതര പരിക്ക്

ദിണ്ടിഗല്‍ സ്വദേശികളായ രാജാ, ര‍ഞ്ജിത്ത് എന്നിവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പൊലീസ് തടഞ്ഞ് ഇ പാസ് ഉള്‍പ്പടെ രേഖകള്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും പൊലീസിനോട് തട്ടികയറാന്‍ തുടങ്ങി. ഇരുവരും മദ്യപിച്ചിരുന്നു. 

police were attacked in tamilnadu
Author
Chennai, First Published Jun 26, 2021, 11:24 PM IST

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പൊലീസുകാരെ സ്റ്റേഷനിലെത്തി യുവാക്കള്‍ മര്‍ദ്ദിച്ചു. എഎസ്ഐ ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കുണ്ട്. നാല് പേരെ ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
 
ദിണ്ടിഗില്‍ വത്തലുഗുണ്ടു സ്റ്റേഷനിലാണ് സിനിമാസ്റ്റൈലില്‍ യുവാക്കളുടെ സ്റ്റേഷനാക്രമണം. ദിണ്ടിഗല്‍ ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പ്രശ്നം തുടങ്ങിയത്. ദിണ്ടിഗല്‍ സ്വദേശികളായ രാജാ, ര‍ഞ്ജിത്ത് എന്നിവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പൊലീസ് തടഞ്ഞ് ഇ പാസ് ഉള്‍പ്പടെ രേഖകള്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും പൊലീസിനോട് തട്ടികയറാന്‍ തുടങ്ങി. ഇരുവരും മദ്യപിച്ചിരുന്നു. പൊലീസിനെ വെട്ടിച്ച് സ്കൂട്ടര്‍ ഓടിച്ച് പോകാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരും സ്കൂട്ടറില്‍ നിന്ന് വീണു. 

മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്ത് സ്കൂട്ടര്‍ അടക്കം പൊലീസ് പിടിച്ചെടുത്തു. ഇതിന് പിന്നാലെ യുവാക്കളുടെ സുഹൃത്തുക്കള്‍ സ്റ്റേഷനിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പ്രകോപനപരമായി കേസ് ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മൂന്ന് പൊലീസുകാരെ ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നുള്ളൂ. എഎസ്ഐ ലോകനാഥന്‍റെ തലയ്ക്ക് മര്‍ദ്ദനമേറ്റു.കൂടുതല്‍ യുവാക്കള്‍ സംഘടിച്ചെത്തി ആക്രമിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ആകാശത്തേക്ക് വെടിവയ്ച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്. സ്ഥലത്തെ പ്രധാന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ കൂടിയാണ് ഇവര്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios