ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹ മരണത്തില്‍ സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും. ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പടെ മുപ്പതോളം പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനമായത്. കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.  അവധിയായതിനാൽ വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികളോടും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടു. 

ഫാത്തിമയുടെ മരണത്തില്‍  ആരോപണവിധേയരായ  ഐഐടി അധ്യാപകര്‍ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെയും ഇന്ന് വീണ്ടും ചോദ്യംചെയ്യും. ഇവരെ  ക്രൈംബ്രാഞ്ച് ഇന്നലെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണിന്‍റെ ഫോറന്‍സിക് പരിശോധനാഫലം വിശദമായി പരിശോധിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാകു. അതേസമയം സംഭവത്തില്‍ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.