ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ അറസ്റ്റിലായ കള്ളന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടിയ 17 പൊലീസുകാരെ കരുതൽ നിരീക്ഷണത്തിലാക്കി. മജിസ്ട്രേറ്റിനോടും കോടതി ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വാഹന മോഷ്ടാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും മുമ്പ് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

സ്‌റ്റേഷനിലെ എസ്എച്ച്ഒമാര്‍ ഉള്‍പ്പെടെയുള്ള 17 പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയത്. ഏപ്രില്‍ അഞ്ചിനാണ് സൗരവ് സെഹഗാള്‍ എന്ന വാഹന മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. ഏപ്രില്‍ ആറിന് ഇയാള്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പായി മജിസ്‌ട്രേറ്റ് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർദ്ദേശിച്ചു. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് പൊലീസുകാരെ ക്വാറന്റൈൻ ചെയ്തത്.

കള്ളനെ പിടികൂടാന്‍ സഹായിച്ച നാട്ടുകാരും കള്ളന്റെ കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ സഹായിയായിരുന്ന നവ്‌ജ്യോത് എന്ന ആളെയും പൊലീസ് തിരയുന്നുണ്ട്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 224 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.