ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ യുവതിയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതി അന്വേഷിച്ചിരുന്ന അമേഠിയിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. പൊലീസിന്റെ നിഷ്ക്രിയത്വം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് യുവതിയും മകളും ലക്‌നൗവിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. താൻ നൽകിയ പരാതിയിൽ പൊലീസ് ഇടപെട്ടില്ലെന്നായിരുന്നു ആരോപണം. ഗുരുതരമായി പരിക്കേറ്റ ഇരുവരും ലഖ്നൗവിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ദാരുണമായ സംഭവം അരങ്ങേറുമ്പോഴും സർക്കാർ ഉറങ്ങുകയാണെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു, യുവതിയുടെയും മകളുടേയും ചികിത്സ ചെലവ് സർക്കാർ വഹിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.